പാലക്കാട് :സേവ് സിപിഐക്ക് പുറമേ പാലക്കാട് ജില്ലയിലെ യുവജന കൂട്ടായ്മയായ സേവ് യൂത്ത് ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചു. സിപിഐയുടെ യുവജന സംഘടനയായ എ ഐ വൈ എഫിന് സമാന്തരമായാണ് സംഘടന രൂപീകരിച്ചത്.
സ്വാതന്ത്ര്യ ദിനത്തിൽ പാലക്കാട് വെച്ച് ചേർന്ന യുവജന സമ്മേളനത്തിൽ വെച്ചാണ് പുതിയ സംഘടന രൂപീകരിച്ചത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുക എന്ന വിഷയത്തെ അംഗീകരിച്ചുകൊണ്ടുള്ള ചർച്ചയും സംഘടിപ്പിച്ചിരുന്നു. സേവ് സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി സെക്രട്ടറി പാലോട് മണികണ്ഠൻ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ എം പി ശ്രീചിത്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലക്കകത്തുള്ള സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു കൂട്ടം ആൾക്കൂട്ടമായി മാറി നിലവിലെ യുവജന പ്രസ്ഥാനം. നിലപാടും നയവും ഇല്ലാത്ത എഐവൈഎഫിന്റെ നേതൃത്വത്തിന്റെ കാപട്യം തിരിച്ചറിഞ്ഞ് യഥാർത്ഥ യുവജന പ്രവർത്തകരായ യുവ കമ്മ്യൂണിസ്റ്റുകാരായവരുടെ കൂട്ടായ്മയാണ് സേവ് യൂത്ത് ഫെഡറേഷനെന്ന് നേതാക്കൾ പറഞ്ഞു.
ജില്ലയിലെ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഏറ്റെടുക്കുകയും സിപിഐ യിലെയും യുവജന പ്രസ്ഥാനത്തിലെയും നെറികേടുകൾക്കെതിരെ പ്രതികരിക്കുക എന്ന കാര്യം കൂടി സേവ് യുവജന പ്രസ്ഥാനത്തിന്റെ കടമയാണ്. സിപിഐയുടെ ജില്ലാ നേതൃത്വത്തിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധതയും സ്വജനപക്ഷപാദവും അഴിമതിയും തുറന്നു കാണിക്കുകയും ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു. യോഗത്തിൽ കെ ഫൈസൽ അധ്യക്ഷത വഹിച്ചു.സേവ് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ കോടിയിൽ രാമകൃഷ്ണൻ, ആർ. രാധാകൃഷ്ണൻ നേതാക്കളായ ടി യു ജോൺസൺ, സി കെ അബ്ദുറഹ്മാൻ, പി കെ സുഭാഷ്, സി ജയൻ, വി.എ റഷീദ് തുടങ്ങിയവർ സംസാരിച്ചു.
എഐവൈഎഫിന് പകരമായിട്ടാണ് പുതിയ സഘടന രൂപീകരിച്ചത്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സി. ജയൻ, ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്ന സുബിൻ, എഐഎസ്എഫ് ജില്ലാ പ്രസിഡന്റായിരുന്ന സിറിൽ, എന്നിവരടക്കം 25 പേരെ ഉൾപ്പെടുത്തിയാണ് സേവ് യൂത്ത് ഫെഡറേഷൻ ജില്ലാ കമ്മിറ്റി രൂപീകരിച്ചത്.25 അംഗ ജില്ലാ കമ്മിറ്റിയും രൂപീകരിച്ചു.പ്രസിഡന്റായി ഫൈസൽ ആലത്തൂരിനെയും സെക്രട്ടറിയായി ടി പി മുസ്തഫയെയും തെരഞ്ഞെടുത്തു.
പ്രദേശിക കമ്മറ്റികൾ അടക്കം അടുത്ത ആഴ്ച്ചകളിൽ രൂപീകരിക്കും. സി.പി.ഐ ജില്ലാ സമ്മേളനത്തിലെ പ്രശ്‌നത്തിന്റെ ഭാഗമായി ഒരു വിഭാഗത്തിന് എതിരെ മാത്രം നടപടി എടുത്തുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം ആളുകൾ സി.പി.ഐ വിട്ടത്. വിമത വിഭാഗം ശക്തി പ്രാപിക്കുന്നത് സി.പി.ഐക്ക് വലിയ പ്രയാസം സൃഷ്ടിക്കും.

