ആട്’ സിനിമയുടെ മൂന്നാം ഭാഗം വരുന്നു. ജയസൂര്യയയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് സിനിമയുടെ ആദ്യ രണ്ടു ഭാഗങ്ങളും തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ പരമ്പരയിലെ മൂന്നാം ചിത്രം പുറത്ത് വരുകയാണ്. ഒരുപാട് ആരാധകരുള്ള ചലച്ചിത്ര പരമ്പരയാണ് ആട്. മൂന്നാം ഭാഗമുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ പുതിയ അപ്ഡേഷനുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ് എത്തിയിരിക്കുകയാണ്. ‘ആട് 3 – വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് എന്ന് മിഥുന്‍ മാനുവല്‍ തോമസ് പങ്കുവച്ച ചിത്രം സൂചിപ്പിക്കുന്നു.
ജയസൂര്യക്കൊപ്പം വിനായകൻ, സൈജു കുറിപ്പ്, ധർമജൻ ബോൾഗാട്ടി, ഭഗത് മാനുവൽ, വിജയ് ബാബു, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, ബിജുക്കുട്ടൻ, സുധി കോപ്പ എന്നിവരെല്ലാം പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഒരുപാട് വലിയ സിനിമയായിട്ടാണ് ആടിന്‍റെ മൂന്നാം ഭാഗം വരുന്നതെന്നും പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു ഴോണർ ഷിഫ്റ്റ് സിനിമയിൽ ഉണ്ടാകുമെന്നും സംവിധായകൻ പറഞ്ഞു. ‘നമ്മൾ കണ്ടിട്ടില്ലാത്ത തരം സിനിമകൾ അവതരിപ്പിക്കുന്നതിനാണ് ഇപ്പോഴത്തെ ഫിലിംമേക്കേഴ്‌സ് ശ്രദ്ധ നൽകുന്നത്. എമ്പുരാന്റെ ടീസർ ഇന്നലെ വന്നു. നമ്മൾ കണ്ടിട്ടില്ലാത്ത തരത്തിലാണ് ആ സിനിമയുടെ കാൻവാസ്. സാങ്കേതികത ഒരു പരിധി വരെ ഇന്ന് നമുക്ക് താങ്ങാവുന്നതാണ്. സിനിമയിൽ വന്നുകൊണ്ടിരിക്കുന്ന നിലവിലെ മാറ്റങ്ങളെയും പരീക്ഷണങ്ങളെയും മുൻനിർത്തി നിങ്ങൾ പ്രതീക്ഷിക്കാത്തതും എന്നാൽ ഏറെ ഇഷ്ടമാകുന്നതുമായ നിർണായക ഗതിമാറ്റം ആട് 3 യിൽ ഉണ്ടാകും’ -മിഥുൻ മാനുൽ തോമസ് പറഞ്ഞു.
