പത്താം ക്ലാസ് പരീക്ഷയിൽ തോറ്റ മകൻ്റെ നിരാശ മറികടക്കാൻ കേക്ക് മുറിച്ച് ആഘോഷമാക്കി മാതാപിതാക്കൾ.
കർണാടകയിലാണ് ഒരു ദമ്പതികൾ മകൻ്റെ തോൽവിയിൽ നിന്ന് വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുത്തത്. വിജയത്തിനായുള്ള മകൻ്റെ ആത്മാർത്ഥമായ ശ്രമങ്ങളെ അംഗീകരിക്കുന്നതിനാണ് മാതാപിതാക്കൾ ഒരു പാർട്ടി തന്നെ സംഘടിപ്പിച്ചത്.
കർണാടകയിലെ ബാഗൽകോട്ടിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ അഭിഷേക് സംസ്ഥാന ബോർഡ് പരീക്ഷയിൽ 625 ൽ 200 മാർക്ക് മാത്രം നേടി എല്ലാ വിഷയങ്ങളിലും പരാജയപ്പെട്ടു. എന്നാൽ അഭിഷേകിൻ്റെ മാതാപിതാക്കൾ കുട്ടിയെ വഴക്കുപറയുന്നതിനുപകരം മനോവീര്യം ഉയർത്താനാണ് തീരുമാനിച്ചത്.
മകനെ സന്തോഷിപ്പിക്കാനും അടുത്ത ശ്രമത്തിൽ മികച്ച പ്രകടനം നടത്താൻ പ്രോത്സാഹിപ്പിക്കാനും മധുരപലഹാരങ്ങളും ഓർഡർ ചെയ്തു. പരീക്ഷയിൽ പരാജയപ്പെട്ടെങ്കിലും അഭിഷേക് ആത്മാർത്ഥമായി പഠിക്കുകയും പരീക്ഷയെ ഗൗരവമായി സമീപിക്കുകയും ചെയ്തുവെന്ന് പിതാവ് പറഞ്ഞു. ഈ ആഘോഷം അഭിഷേകിൻ്റെ നിരാശയെ മറികടക്കാൻ സഹായിച്ചുവെന്ന് കുടുംബം കൂട്ടിച്ചേർത്തു. അടുത്ത ശ്രമത്തിൽ താൻ എല്ലാ വിഷയങ്ങളിലും വിജയിക്കുമെന്ന് ദൃഢനിശ്ചയത്തോടെ അഭിഷേക് പറഞ്ഞു.
