ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെൻറ് സമ്മേളനം പരിഗണനയിൽ. ഈ മാസം 16 ന് സമ്മേളനം വിളിക്കുന്നത് ആലോചിച്ച് കേന്ദ്ര സർക്കാർ. വിദേശത്ത് പോയ പ്രതിനിധി സംഘാംഗങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകുന്ന നിലയിലായിരിക്കും പ്രത്യേക പാർലമെന്‍റ് സമ്മേളനമെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെൻറ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ കോൺഗ്രസിനെതിരെ കടുപ്പിച്ച് ബി ജെ പി രംഗത്തെത്തി. ലോകം മുഴുവൻ ഇന്ത്യയെ പുകഴ്ത്തുമ്പോഴും കോൺഗ്രസ്, പാക്കിസ്ഥാൻ വക്താക്കളെപോലെ പ്രവർത്തിക്കുന്നുവെന്ന് ബി ജെ പി നേതാവ് തരുൺ ചുഗ് അഭിപ്രായപ്പെട്ടു. എതിരാളികളെ എങ്ങനെ നേരിടണമെന്ന് കോൺഗ്രസ് തങ്ങളെ പഠിപ്പിക്കേണ്ടെന്നും 2004 മുതൽ 2014 വരെ പാക്കിസ്ഥാനെതിരെ നടപടിയെടുക്കാത്ത സർക്കാറിനെ രാജ്യം കണ്ടതാണെന്നും ചുഗ് വിമർശിച്ചു. കോൺഗ്രസ് സൈനിക നടപടിയിൽ ചോദ്യങ്ങൾ ശക്തമാക്കിയതിന് പിന്നാലെയാണ് വിമർശനവുമായി ബി ജെ പി നേതാക്കളും രംഗത്തെത്തുന്നത്.
ഓപ്പറേഷൻ സിന്ദൂറിനിടെ യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവനയിൽ കഴിഞ്ഞ ദിവസം രാഷ്ട്രീയ വിവാദം കനത്തിരുന്നു. സൈനിക മേധാവിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനം കടുപ്പിച്ചു. കേന്ദ്രം സത്യം മൂടിവച്ചെന്ന് കോൺഗ്രസ് വിമർശിച്ചു. നഷ്ടങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാർലമെൻറ് സമ്മേളനം ഉടൻ വിളിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് വസ്തുതകളും സത്യങ്ങളും ജനങ്ങളോടും പാര്‍ലമെന്റിനോടും തുറന്ന് പറയാത്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.
വാർത്താ ഏജൻസിയായ ബ്ളൂംബർഗിനോട് സിംഗപ്പൂരിലെ ഷാൻഗ്രില ഡയലോഗ്‌സിൽ സംസാരിക്കുമ്പോഴാണ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് വിമാനം നഷ്ടമായെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ സൂചന നൽകിയത്. തുടക്കത്തിലെ നഷ്ടങ്ങൾ അതിവേഗം പരിഹരിച്ച് ഇന്ത്യ പാകിസ്ഥാന് ശക്തമായ പ്രഹരം ഏൽപിച്ചു എന്ന് സംയുക്ത സൈനിക മേധാവി സിംഗപ്പൂരിൽ പറഞ്ഞു. ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ തകർത്തു എന്ന പാകിസ്ഥാൻ പ്രചാരണം കള്ളമാണെന്നും ജനറൽ ചൗഹാൻ വ്യക്തമാക്കി. എന്തുകൊണ്ട് അവ തകര്‍ന്നു, എന്ത് പിഴവു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്? ഇത്തരം കാര്യങ്ങളാണ് പരിശോധിക്കുന്നത്. എത്രയെണ്ണം തകര്‍ന്നുവെന്നതില്‍ കാര്യമില്ലെന്ന് സിഡിഎസ് പറഞ്ഞു. ഞങ്ങള്‍ക്ക് എവിടെയാണ് പിഴച്ചതെന്നും തന്ത്രങ്ങള്‍ ഒരുക്കിയതിലെ പാകപ്പിഴകള്‍ പരിഹരിക്കാനുമുള്ള പദ്ധതികള്‍ സൂക്ഷ്മമായി ആവിഷ്‌കരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളായവരെ മതം ചോദിച്ച് പാകിസ്ഥാന്‍ ഭീകരര്‍ വെടിവെച്ചുകൊന്ന സംഭവത്തിന് തിരിച്ചടിയായിട്ടാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണം ചെയ്തത്. പാകിസ്ഥാനിലെ ഭീകര താവളങ്ങളില്‍ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തിയത്. പാകിസ്ഥാന് എതിരായ സൈനിക നീക്കത്തില്‍ ഇന്ത്യക്കും നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് നേരത്തേ വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ എകെ ഭാരതിയും വ്യക്തമാക്കിയിരുന്നു. അതേസമയം, നാല് ദിവസത്തോളം നീണ്ട ഇന്ത്യ – പാക് സംഘര്‍ഷം ഒരിക്കല്‍ പോലും ആണവയുദ്ധത്തിന്റെ വക്കില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനിൽ ചൗഹാൻറെ പ്രസംഗത്തിലെ ‘തുടക്കത്തിലെ നഷ്‌ടം’ എന്ന പ്രയോഗം ആയുധമാക്കി രംഗത്ത് വന്ന കോൺഗ്രസ്, ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ കേന്ദ്രം അന്വേഷണ സമിതിയെ നിയോഗിക്കുമോയെന്നാണ് ഉയർത്തുന്ന ചോദ്യം. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നു.
