ന്യൂഡൽഹി: പതഞ്ജലി വ്യാജ പരസ്യ കേസിൽ യോഗ ആചാര്യൻ ബാബ രാംദേവും പതഞ്ജലി എംഡി ആചാര്യ ബാൽ കൃഷ്ണനും നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് എതിരെ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്ന് നേരിട്ട് ഹാജരാകാൻ ഉത്തരവിടുകയായിരുന്നു. പതഞ്ജലി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യത്തിനെതിരെയാണ് കേസ്.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നൽകിയെങ്കിലും ഇവരാരും പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ട് പോവുകയായിരുന്നു.
എല്ലാ കാര്യങ്ങളും കൃത്യമായി ബോധിപ്പിച്ചില്ലെങ്കിൽ കര്‍ശന നടപടിയുണ്ടാകുമെന്ന് സുപ്രീം കോടതി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും പതഞ്ജലിയുടെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും കോടതിക്ക് ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ബാബ രാംദേവിനോടും ആചാര്യ ബാൽ കൃഷ്ണയോടും നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടത്.

