Headlines

സർക്കാർ കോളേജിലെ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് നോക്കി മാർക്കിടുന്നത് പ്യൂൺ; പ്രിൻസിപ്പലിനും പ്രൊഫസര്‍ക്കും സസ്പെൻഷൻ

ഭോപ്പാൽ: സർക്കാർ കോളേജിലെ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് നോക്കി മാർക്കിടുന്നത് പ്യൂൺ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ പ്രിൻസിപ്പലിനും പ്രൊഫസര്‍ക്കും സസ്പെൻഷൻ. മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിൽ വീഡിയോ വിദ്യാർത്ഥികളുടെ ശ്രദ്ധയിൽ പെട്ടതോടെ പ്രാദേശിക എംഎൽഎ താക്കൂർദാസ് നാഗ്‌വാൻഷിയെ സമീപിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം അധികൃതര്‍ക്ക് പരാതി നൽകിയതിനെത്തുടർന്നാണ് സസ്പെൻഷൻ.


സംഭവത്തിൽ പ്രതികരിച്ച യുവജനകാര്യ, സഹകരണ മന്ത്രി വിശ്വാസ് സാരംഗ് പ്രിൻസിപ്പലിനെയും നോഡൽ ഓഫീസറെയും സസ്പെൻഡ് ചെയ്തതായി സ്ഥിരീകരിച്ചു. ഉത്തരക്കടലാസുകൾ വിലയിരുത്തുന്ന ജോലിക്ക് നിയോഗിക്കപ്പെട്ട പ്രൊഫസറെയും പ്യൂണിനെതിരെയും നടപടിയെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

“ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ നിലനിർത്താൻ സർക്കാർ എപ്പോഴും ശ്രമിക്കുന്നു. ഈ സംഭവം ദൗർഭാഗ്യകരവും പൊറുക്കാനാവാത്തതുമാണ്. കർശനമായ നടപടി സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു. പിപാരിയയിലെ ഭഗത് സിംഗ് സർക്കാർ കോളേജ് പ്രിൻസിപ്പൽ രാകേഷ് വെർമ്മയെയും പ്രൊഫസർ രാംഗുലാം പട്ടേലിനെയുമാണ് സസ്പെൻഡ് ചെയ്തത്.

ഉത്തരക്കടലാസ് മൂല്യനിർണയ ജോലി ഒരു ഗസ്റ്റ് അധ്യാപകനാണ് നൽകിയിരുന്നത്. അദ്ദേഹം കോളേജിലെ ഒരു ബുക്ക് ലിഫ്റ്റർ വഴി അത് ഒരു പ്യൂണിന് കൈമാറിയെന്നാണ് രാകേഷ് വെർമ്മ പറയുന്നത്. ഈ വർഷം ജനുവരിയിൽ സോഷ്യൽ മീഡിയയിൽ വീഡിയോ ക്ലിപ്പ് പ്രത്യക്ഷപ്പെട്ടതിന് ശേഷം പരാതി ഉയർന്നിട്ടുണ്ടെന്നും ശ്രീ വർമ്മ കൂട്ടിച്ചേർത്തു.

പ്രൊഫസർ രാംഗുലാം പട്ടേലിനെ ചിന്ദ്വാരയിലെ രാജാ ശങ്കർ ഷാ യൂണിവേഴ്സിറ്റി മൂല്യനിർണയ ജോലിയുടെ നോഡൽ ഓഫീസറായി നിയമിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ഞാൻ കുടുങ്ങിപ്പോയതാണ് എന്നാണ് കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തിറങ്ങിയ രാംഗുലാം പട്ടേലിന്‍റെ നോഡൽ ഓഫീസർ നിയമനവുമായി ബന്ധപ്പെട്ട ഒരു കത്ത് പങ്കുവെച്ച് രാകേഷ് വെർമ്മ അവകാശപ്പെട്ടത്. തന്‍റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: