ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാപരിശോധന ഉടന്‍ നടത്താന്‍ ഉന്നതാധികാര സമിതിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.
ഡോ. ജോ ജോസഫാണ് സുപ്രീം കോടതിയിൽ അപേക്ഷ നല്‍കിയത്. ലിബിയയില്‍ അണക്കെട്ട് തകര്‍ന്ന പശ്ചാത്തലത്തില്‍ ആണ് ഹർജി നൽകിയത്. മുല്ലപ്പെരിയാർ ഉള്‍പ്പെടെയുള്ള അണക്കെട്ടുകള്‍ നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ.
ലോകത്ത് വിവിധ അണക്കെട്ടുകൾ ഭീഷണി നേരിടുന്ന പശ്ചാത്തലത്തിൽ അടിയന്തരമായി മുല്ലപ്പെരിയാറിൽ സുരക്ഷാപരിശോധന നടത്താനായി ഉന്നതാധികരസമിതി ചെയർമാനോട് നിർദേശിക്കണമെന്നും ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതി അടിയന്തരമായി പരിഗണിക്കണമെന്നും ഡോ. ജോ ജോസഫ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സുരക്ഷാപരിശോധന പത്തുവർഷം കഴിഞ്ഞ പശ്ചാത്തലത്തിൽ കൂടിയാണ് നിലവിലെ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനയിൽ വരുന്നത്. കേരളത്തിന്റേയും തമിഴ്നാടിന്റേയും പ്രതിനിധികളും വിദഗ്ധരും ഉൾപ്പെട്ടതാണ് ഉന്നതാധികാരസമിതി.
