തിരുവനന്തപുരം: പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥിയും മുതിർന്ന കോൺഗ്രസ് നേതാവ് എ കെആന്റണിയുടെ മകനുമായ അനിൽ ആന്റണിക്കെതിരായ ആരോപണത്തിൽ തെളിവുകളുമായി ദല്ലാൾ നന്ദകുമാർ. ഡൽഹിയിലെ ഒരു ഹോട്ടലിൽ വച്ച് പണം കൈമാറിയെന്നാണ് നന്ദകുമാറിന്റെ അവകാശവാദം. ഇതിന്റെ ചിത്രവും നന്ദകുമാർ വാർത്താസമ്മേളനത്തിൽ പുറത്തവിട്ടു. 25 ലക്ഷം രൂപ തന്റെ കയ്യിൽ നിന്നും അനിൽ ആന്റണി കോഴയായി കൈപ്പറ്റിയെന്നാണ് നന്ദകുമാറിന്റെ ആരോപണം.
2013 ഏപ്രിലിൽ യുപിഎ സർക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാൻഡിംഗ് കോൺസലായി നിയമിക്കാമെന്ന് പറഞ്ഞാണ് തന്റെ കൈയിൽ നിന്ന് അനിൽ പണം വാങ്ങിയത് എന്നാണ് നന്ദകുമാറിന്റെ ആരോപണം. ഡൽഹിയിലെ ഒരു ഹോട്ടലിൽ നിന്നും പണം വാങ്ങുന്നു എന്ന് അവകാശപ്പെടുന്ന ചിത്രമാണ് നന്ദകുമാർ പുറത്തുവിട്ടത്.
25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണത്തിൽ തെളിവുകൾ പുറത്തുവിടാൻ അനിൽ ആന്റണി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നന്ദകുമാർ വാർത്താസമ്മേളനത്തിൽ ചിത്രങ്ങൾ പുറത്തുവിട്ടത്. ബിജെപിയുടെ ക്രൗഡ് പുള്ളറായ നേതാവ് പത്ത് ലക്ഷം രൂപ വാങ്ങിയിട്ട് മടക്കിത്തന്നില്ലെന്ന ആരോപണത്തിലും ടിജി നന്ദകുമാർ വ്യക്തത വരുത്തി. ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനാണ് പണം വാങ്ങിയതെന്ന് പറഞ്ഞ നന്ദകുമാർ ശോഭയുടെ അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ തെളിവും പുറത്തുവിട്ടു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടങ്ങുന്ന ചിത്രങ്ങൾ അദ്ദേഹം മാദ്ധ്യമങ്ങൾക്ക് മുമ്പിൽ കാണിച്ചത്.ശോഭ സുരേന്ദ്രൻ തന്നെ ഫോണിൽ ബന്ധപ്പെട്ട കാര്യവും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, നന്ദകുമാറിന്റെ വാർത്താസമ്മേളനത്തിന് പിന്നാലെ അനിൽ ആന്റണി പ്രതികരണവുമായി രംഗത്തെത്തി. നന്ദകുമാർ കള്ളം പറയുകയാണെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അനിൽ പ്രതികരിച്ചത്. തന്റെ പ്രചാരണത്തിന്റെ താളം തെറ്റിക്കാനുള്ള കോൺഗ്രസ് ശ്രമമാണെന്നും തിരഞ്ഞെടുപ്പിന് മുമ്പുള്ള വിവാദമാണെന്നും അനിൽ പറഞ്ഞു. നന്ദകുമാറിൽ നിന്ന് പണം വാങ്ങിയിട്ടില്ല. അദ്ദേഹം കള്ളം പറയുകയാണ്. നന്ദകുമാറിന് പിന്നിൽ കോൺഗ്രസാണെന്നും അനിൽ വ്യക്തമാക്കി

