പ്ലസ് വൺ പ്രവേശനം ഇന്നുമുതൽ; ആദ്യ അലോട്ട്മെൻ്റ് ലഭിച്ചവർക്ക് പ്രവേശനം ജൂൺ 3 മുതൽ 5 വരെ




തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്  ആദ്യ അലോട്ട്‌മെന്റില്‍ പേരുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്‌കൂളുകളില്‍ ഇന്നു മുതല്‍ പ്രവേശനം നേടാം. ഇന്നു മുതല്‍ ജൂണ്‍ 5 വൈകീട്ട് അഞ്ചു വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാനുള്ള സമയപരിധി. അലോട്ട്മെന്റിനെ കുറിച്ചുള്ള വിവരങ്ങള്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായുള്ള വെബ്സൈറ്റില്‍ (hscap.kerala.gov.in) ലോഗിന്‍ ചെയ്താല്‍ അറിയാം.



ഇന്നലെ വൈകീട്ടാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ വെബ്സൈറ്റില്‍ നിന്ന് അലോട്ട്മെന്റ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കണം. അലോട്ട്മെന്റ് ലെറ്ററും മതിയായ സര്‍ട്ടിഫിക്കറ്റുകളുമായി രക്ഷകര്‍ത്താവിനൊപ്പം അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷനെടുക്കാം.




ഒന്നാം ഓപ്ഷൻ പ്രകാരം അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടണം. ഫീസടച്ചില്ലെങ്കിൽ ഈ സീറ്റുകൾ ഒഴിഞ്ഞതായി കണക്കാക്കും. ഇവർക്ക് പിന്നീട് അവസരം ലഭിക്കില്ല. ബന്ധപ്പെട്ട ബോര്‍ഡില്‍ നിന്നു യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെങ്കില്‍ ഡിജിലോക്കര്‍ അല്ലെങ്കില്‍ ഔദ്യോഗിക വെബ് സൈറ്റില്‍നിന്നുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്വീകരിക്കും. പിന്നീട് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രവേശന സമയത്ത് വിടുതല്‍, സ്വഭാവസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്.



ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം വ്യാഴാഴ്ച പൂര്‍ത്തിയായശേഷം ജൂണ്‍ 10-ന് രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 16-ന് മൂന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി അലോട്ട്മെന്റാണ് പിന്നീട് പ്രസിദ്ധീകരിക്കുക.

ആദ്യ മൂന്ന് അലോട്ട്മെന്റുകളിലും ഉള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ ഓപ്ഷനുകള്‍ ചേര്‍ത്ത് അപേക്ഷ പുതുക്കണം. ജൂണ്‍ 28 മുതല്‍ ജൂലായ് 23 വരെയാണ് സപ്ലിമെന്ററി അലോട്ട്മെന്റ്. അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് പ്ലസ്‍ വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: