തിരുവനന്തപുരം,: പ്ലസ്‌വൺ രണ്ടാം അലോട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു. അർഹരായവർക്ക് ഇന്ന് രാവിലെ 10-നും ബുധനാഴ്ച വൈകീട്ട് അഞ്ചിനും ഇടയിൽ സ്‌കൂളിൽ ചേരാം. ടിസി, സ്വഭാവസർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ നിർബന്ധമാണ്. യോഗ്യതാസർട്ടിഫിക്കറ്റിന്റെ അസൽ ഹാജരാക്കാൻ സാവകാശം ലഭിക്കും. ആദ്യ ഓപ്ഷനിൽ തന്നെ അലോട്‌മെന്റ് ലഭിച്ചവർ സ്ഥിരംപ്രവേശനം നേടണം. അല്ലാത്തവർക്ക് ആവശ്യമെങ്കിൽ താത്കാലിക പ്രവേശനമാകാം.തത്സമയ വാർത്ത,/
ആകെ 4,63,686 അപേക്ഷകളാണ്. ഏകജാലകം വഴിയുള്ള മെറിറ്റ് സീറ്റ് 3,16,507. ഇതിൽ 2,43,155 പേർക്കാണ് ഇതുവരെ അലോട്‌മെന്റ് ലഭിച്ചത്. രണ്ടാം അലോട്‌മെന്റിനു ശേഷം മെറിറ്റിൽ 75,415 സീറ്റ് മിച്ചമുണ്ട്. ഇതും, അലോട്‌മെന്റ് ലഭിക്കുന്നവർ സ്‌കൂളിൽ ചേരാത്തതിനാൽ ഒഴിവുവരുന്ന സീറ്റും ചേർത്ത് 16-ന് മൂന്നാം അലോട്‌മെന്റ് പ്രസിദ്ധീകരിക്കും.
ഇതോടെ താത്കാലിക പ്രവേശനത്തിനുള്ള അവസരം അവസാനിക്കും. താഴ്ന്ന ഓപ്ഷനാണ് ലഭിക്കുന്നതെങ്കിലും ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. ആദ്യ അലോട്‌മെന്റ് മുതൽ താത്കാലിക പ്രവേശനത്തിൽ തുടരുന്നവരും സ്ഥിര പ്രവേശനമെടുക്കണം.
ആദ്യ അലോട്‌മെന്റിൽ ഉൾപ്പെട്ടവരിൽ 99,526 പേർ രണ്ടാം അലോട്‌മെന്റിൽ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച് താത്കാലിക പ്രവേശനം നേടിയവരാണ്. ഇവരിൽ 20,511 പേർക്ക് ഉയർന്ന ഓപ്ഷനിൽ അലോട്‌മെന്റ് ലഭിച്ചു. ആദ്യ അലോട്‌മെന്റിൽ ഉൾപ്പെടാതിരുന്ന 21,887 പേർക്കാണ് രണ്ടാം അലോട്‌മെന്റിൽ ഇടംകിട്ടിയത്.
ഒന്നാം അലോട്‌മെന്റിൽ താത്കാലിക പ്രവേശനം നേടിയവർക്ക് ഇപ്പോഴത്തെ അലോട്‌മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്‌മെന്റ് ലഭിച്ചില്ലെങ്കിൽ പുതിയ അലോട്‌മെന്റ് ലെറ്റർ ആവശ്യമില്ല. പട്ടികജാതി-വർഗ വികസന വകുപ്പുകളുടെ മേൽനോട്ടത്തിലെ മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള രണ്ടാം അലോട്‌മെന്റും
പ്രസിദ്ധീകരിച്ചിട്ടുണ്ട്.പ്ലസ്‌വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാം അലോട്‌മെന്റിനുശേഷം സപ്ലിമെന്ററി അലോട്‌മെന്റ് ഘട്ടത്തിൽ പുതിയ അപേക്ഷ നൽകാം. നേരത്തേ, അപേക്ഷയിൽ തെറ്റായവിവരങ്ങൾ ചേർത്തതിനാലോ ഓപ്ഷൻ നൽകാത്തതിനാലോ അലോട്‌മെന്റ് ലഭിക്കാത്തവർക്ക് അപേക്ഷയിലെ പിഴവും തിരുത്താം.
അപേക്ഷയിലെ അപാകം മൂലം ആദ്യ അലോട്‌മെന്റിലുൾപ്പെട്ടിരുന്ന 1,152 പേർക്ക് പ്രവേശനം ലഭിച്ചിരുന്നില്ല. ഇവർക്കും സപ്ലിമെന്ററി അലോട്‌മെന്റിനു മുൻപ് ആവശ്യമായ തിരുത്തലുകളോടെ അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്‌മെന്റുകളിലും ഉൾപ്പെടാത്തവർ, സപ്ലിമെന്ററി അലോട്‌മെന്റിൽ പരിഗണിക്കപ്പെടുന്നതിനായി പുതിയ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കണം.
സപ്ലിമെന്ററി അലോട്‌മെന്റിനായി ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റിന്റെ വിവരം ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഇത് പരിശോധിച്ചുവേണം ഓപ്ഷൻ നൽകാൻ. 28 മുതൽ ജൂലായ് 23 വരെയാണ് സപ്ലിമെന്ററി അലോട്‌മെന്റ്.
പ്ലസ്‌വൺ മാനേജ്‌മെന്റ്, അൺഎയ്ഡഡ് ക്വാട്ട പ്രവേശനം ചൊവ്വാഴ്ച തുടങ്ങും. ഈ വിഭാഗങ്ങളിലെ പ്രവേശനത്തിന്റെ മുഖ്യഘട്ടം 17-നു പൂർത്തിയാക്കാനാണു ഹയർസെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ നിർദേശിച്ചിരിക്കുന്നത്. ഇരുവിഭാഗങ്ങളിലും സപ്ലിമെന്ററി അലോട്‌മെന്റ് 18-നു തുടങ്ങും. മാനേജ്‌മെന്റ് ക്വാട്ടയിലെ പ്രവേശന നടപടി 27-നു പൂർത്തിയാക്കണം. അൺഎയ്ഡഡ് ക്വാട്ടയിലെ പ്രവേശനം ജൂലായ് 16-നും പൂർത്തിയാക്കണം. ഏതെങ്കിലുമൊന്നിൽ പ്രവേശനം നേടിയവർക്ക് അതു റദ്ദാക്കി മറ്റൊന്നിൽ ചേരാൻ അനുവാദമില്ല.
