തിരുവനന്തപുരം: തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്കൂളിലെ പ്രവേശനോല്‍സവ ചടങ്ങിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായരെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് വിവാദമായി. സംഭവത്തെകുറിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാൻ വിദ്യാഭ്യാസ മന്തി, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. പ്രായൂപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിയാണ് വ്ലോഗറായ മുകേഷ് എം നായര്‍.
പടിഞ്ഞാറെക്കോട്ട ഗവൺമെന്റ് ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് പോക്സോ കേസ് പ്രതിയും വ്ലോഗറുമായ മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെമന്റോ സമ്മാനിച്ച് പ്രസംഗം നടത്തി പിന്നെ വിദ്യാർത്ഥികൾക്കൊപ്പം നിന്ന് സെല്‍ഫിയുമെടുത്തായിരുന്നു മടക്കം.
മുൻ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഒ. എ സുനിലിനെയും വേദിയിൽ കാണാം. രണ്ട് മാസം മുൻപാണ് കോവളം പൊലീസ് മുകേഷിനെതിരെ പോക്സോ കേസ് ചുമത്തിയത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധനഗ്നയായാക്കി അഭിനയിപ്പിച്ചു എന്നതുൾപ്പെടെയുള്ള പരാതിയിൽ അന്വേഷണം നടന്നുവരികയാണ്. സംഭവം വിവാദമായതോടെ മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടു. അടിയന്തര റിപ്പോര്‍ട്ട് നല്‍കാൻ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. ഡി ഡി ശ്രീജ ഗോപിനാഥ് സ്കൂളിലെത്തി മൊഴിയെടുത്തു.
എന്നാൽ കുറ്റം മുഴുവൻ സ്പോണ്‍സറുടെ ചുമലിൽ ഇടുകയാണ് സ്കൂള്‍ അധികൃതര്‍. ജെസിഐ എന്ന സന്നദ്ധസംഘടനയാണ് മുകേഷിനെ കൊണ്ടുവന്നതെന്നും ചടങ്ങിനെത്തിയ ഇയാളെ തിരിച്ചറിഞ്ഞില്ല എന്നുമാണ് ഹെഡ്മാസ്റ്ററുടെ വിശദീകരണം. പോക്സോ കേസിൽ പ്രതികളായ അധ്യാപകര്‍ക്കെതിരെ കടുത്ത നടപടി വേണം എന്നാവശ്യപ്പെട്ട് എല്ലാ സ്കൂളുകള്‍ക്കും സര്‍ക്കാര് ഇന്നലെ സര്‍ക്കുലര്‍ അയച്ചിരുന്നു. അതേ ദിവസം തന്നെയാണ് പോക്സോ പ്രതി പ്രവേശനോല്‍സവത്തിൽ മുഖ്യാതിഥിയാകുന്നതും
