വണ്ടിപ്പെരിയാറിലെ പോക്സോ കേസ്: പ്രതിയെ വെറുതെ വിട്ട് കോടതി, ഒരു കുറ്റവും തെളിയിക്കാനായില്ല

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അർജുനെ കോടതി വെറുതെ വിട്ടു. കേസിൽ ഒരു കുറ്റം പോലും തെളിയിക്കാൻ കഴിയാഞ്ഞതോടെയാണ് കട്ടപ്പന അതിവേഗ കോടതി പ്രതിയെ വെറുതെ വിട്ടത്.

കേസിൽ അർജുന് നിരപരാധിയാണെന്നും അന്വേഷണത്തിൽ പോലീസിന് വീഴ്ച്ച പറ്റിയെന്നും നഷ്ടപരിഹാരം വേണമെന്നും അർജുന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. അതേസമയം കേസിന്റെ വിധി പുറത്തുവന്നതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ബന്ധുക്കൾ കോടതിയിൽ പ്രതിഷേധിച്ചു. വിധി കേട്ട് പൊട്ടിക്ക കുട്ടിയുടെ മുത്തശിയും ബന്ധുക്കളും കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് ആവര്ത്തിച്ചു. കേസിൽ നീതി ലഭിച്ചില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.

2021 ജൂൺ 30 നാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. കുട്ടി കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നായിരുന്നു ആദ്യ സംശയം എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൂട്ടി പീഡനത്തിന് ഇരയായതായി തെളിയുകയായിരുന്നു.

തുടർന്നാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനെ പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിടെ ബോധരഹിതയായ കുഞ്ഞിനെ പ്രതി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.മൂന്ന് വയസ് മുതൽ കുഞ്ഞിനെ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നെന്നും മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡനമെന്നും പോലീസ് പറഞ്ഞിരുന്നു. കേസിൽ 2021 സെപ്തംബർ 21 നാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പടെ ചുമത്തിയിരുന്നു. കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചിരുന്നു. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: