തിരുവനന്തപുരം: ഗതാഗത തടസ്സം ഉണ്ടാക്കിയ കുറ്റം ചുമത്തി ആശ വർക്കർമാരുടെ സെക്രട്ടറിയേറ്റ് സമരത്തിനെതിരെ പോലീസ് കേസ്. കൻ്റോണ്‌മെൻ്റ് പോലീസാണ് കേസെടുത്തത്. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ്റെ നേതാക്കൾക്കെതിരെയാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പിൽ ഹാജരാകാൻ ഇവർക്ക് നിർദ്ദേശം നൽകി. ചോദ്യംചെയ്യലിന് എത്താൻ പോലീസ് ആശ വർക്കർമാർക്ക് നോട്ടീസ് നൽകി. ഓണറേറിയം വർധിപ്പിക്കുക, മൂന്ന് മാസത്തെ കുടിശിക ഉടൻ നൽകുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ വർക്കർമാരുടെ സമരം.
സമരത്തെ തള്ളി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ പരാമർശം വിവാദമായിരുന്നു. ആശ വർക്കർമാരെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ് എന്നായിരുന്നു പ്രതികരണം. കഴിഞ്ഞ വർഷവും ആശ വർക്കർമാർക്കുള്ള ആനുകൂല്യങ്ങളും നൽകിയിട്ടുണ്ട്. എല്ലാ ബജറ്റിലും അവരെ പ്രത്യേകം പറയുമെന്ന് വിചാരിച്ചാണ് ഇവർ സമരം ചെയ്യുന്നത്. എന്നാൽ ആശ വർക്കർമാർ സ്‌കീം വർക്കർമാർ. അവർക്ക് ഏറ്റവും നല്ല ശമ്പളം നൽകുന്ന സംസ്ഥാനമാണ് കേരളം എന്നും മന്ത്രി പറഞ്ഞു. ഇതിനെതിരെ ആശ വർക്കർമാർ രംഗത്ത് വന്നിരുന്നു. നിലവിലുള്ള ശമ്പളം പോലും കൃത്യമായി കിട്ടുന്നില്ലെന്ന് മന്ത്രി പറഞ്ഞ കാര്യങ്ങൾ ആർക്കെങ്കിലും കിട്ടിയതായി അറിവില്ലെന്ന് അസോസിയേഷൻ പ്രതികരിച്ചു.
