ഡൽഹി: രാജ്യതലസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് പേരെ പേരെ കൊലപ്പെടുത്തിയ പ്രതികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത 5 പേരടങ്ങുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗാസിയാപൂരിൽ വെച്ച് ഒരാളെയും മറ്റൊരാളെ ന്യൂ അശോക് നഗറിൽ വെച്ചുമാണ് പ്രതികൾ കൊലപ്പെടുത്തിയത്. ഈ രണ്ട് സ്ഥലങ്ങളും തമ്മിൽ 6 കിലോമീറ്ററുകളുടെ വ്യത്യാസം മാത്രമേയുള്ളു.
ഇന്നലെ പുലര്‍ച്ചെ മൂന്നു മണിക്കാണ് ന്യൂ അശോക് നഗറില്‍ ഒരാള്‍ കുത്തേറ്റു കിടക്കുന്നതായി പോലീസിന് സന്ദേശം ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസ് ജല ബോര്‍ഡ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിനടുത്ത് ഒരാള്‍ ചോരവാര്‍ന്ന് കിടക്കുന്നതാണ് കണ്ടത്. നിരവധി തവണ ഇയാള്‍ക്ക് കുത്തേറ്റിരുന്നതായി പൊലീസ് പറഞ്ഞു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരിക്കുകയായിരുന്നു. അതോടെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേ ദിവസം വൈകുന്നേരമാണ് ഗാസിയാപൂരില്‍ ഒരു മദ്യശാലയ്ക്ക് സമീപം ഒരാള്‍ മരിച്ചു കിടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. ഗാസിയാപൂര്‍ സ്വദേശി രമേശ് (49) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ തുടയില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു കൊലപാതകങ്ങളും ചെയ്തത് ഒരു സംഘമാണെന്ന് പോലീസ് കണ്ടെത്തിയത്.
കേസിലെ പ്രതികളായ അഞ്ച് പേരും ഗാസിയാപൂരിലെ ഒരു മദ്യശാലയ്ക്ക് സമീപം പിറന്നാളാഘോഷത്തിനായി എത്തിയതായിരുന്നു. അവിടെ വെച്ച് രമേശുമായി വാക്ക് തർക്കമുണ്ടാകുകയും അയാളെ കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന് ശേഷം ന്യൂ അശോക് നഗറിലെത്തിയ പ്രതികൾ റോഡിലൂടെ നടന്ന് പോകുകയായിരുന്ന ഒരാളെ കൊള്ളയടിക്കാൻ ശ്രമിക്കുകയും അയാൾ എതിർക്കുകയും ചെയ്തതോടെ പ്രതികൾ അയാളെയും കുത്തുകയായിരുന്നു. ഇവർ മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം നാല് മണിയോട് കൂടിയാണ് പോലീസ് പ്രതികളായ അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്.
