തിരുവനന്തപുരം: കിളിമാനൂരിൽ സ്റ്റേജ് സജ്ജീകരണത്തിനിടെ ടെക്‌നീഷ്യൻ മരിച്ചതിനെ തുടർന്ന് റാപ്പർ വേടന്റെ സംഗീത പരിപാടി മാറ്റിവെച്ചതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കിളിമാനൂര്‍ പൊലീസാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെയാണ് കേസ്. മെയ് എട്ടിനായിരുന്നു വേടന്റെ പരിപാടി നിശ്ചയിച്ചിരുന്നത്. സംഭവത്തെ തുടർന്ന് സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദ് ചെയ്തത്. എന്നാൽ പരിപാടിക്കെത്തിയവർ അക്രമാസക്തമാകുകയും, യുവാക്കൾ സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിയുകയും ചെയ്തു.
വേദിയിൽ എൽഇഡി ഡിസ്‌പ്ലേ ഒരുക്കുന്നതിനിടെ ടെക്‌നീഷ്യൻ ലിജു ഗോപിനാഥിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പരിപാടി ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം. രാത്രി 8.30 -നായിരുന്നു പരിപാടി. സ്റ്റേജ് നിർമ്മിച്ചത് വയലിലായിരുന്നു. കൂടാതെ പരിപാടി കാണാൻ വൻ ജനക്കൂട്ടവും എത്തിയിരുന്നു. പൊലീസിന് റോഡിലെയും, പരിപാടി നടന്ന വയലിലെയും തിരക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല.
ലിജുവിന്റെ മരണത്തെ തുടര്‍ന്നാണ് കിളിമാനൂരിലെ വേടന്റെ പരിപാടി റദ്ദാക്കിയതെന്ന് വേടനും വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വേദിയിൽ വന്ന് പാട്ടുപാടുന്നതിന് തനിക്ക് മാനസികമായ ബുദ്ധിമുട്ടുണ്ടെന്നും പ്രേക്ഷകർ ഇത് മനസ്സിലാക്കുമെന്ന് വിശ്വസിക്കുന്നുവെന്നുമാണ് വേടൻ പറഞ്ഞത്. എന്നാല്‍ പരിപാടി റദ്ദാക്കിയതിനു പിന്നാലെ സ്ഥലത്ത് വന്‍ പ്രതിഷേധമാണ് ഉണ്ടായത്. സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞാണ് വേടന്റെ ആരാധകര്‍ പ്രതിഷേധിച്ചത്. അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
അതേസമയം ടെക്നീഷ്യൻ മരിച്ച കാര്യം വേടനെ സംഘാടകർ അറിയിച്ചിരുന്നില്ല. കൂടാതെ സംഘാടകർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആക്ഷേപം ഉയർന്നു. സംഭവത്തെ തുടർന്ന് പരിപാടിയുടെ സംഘാടകർക്കെതിരെ ആരോപണവുമായി ലിജുവിന്റെ കുടുംബം രംഗത്തെത്തിയിരിക്കുന്നു. ലിജുവിന്റെ മരണവാര്‍ത്ത മറച്ചുവെക്കാന്‍ സംഘാടകര്‍ ശ്രമിച്ചുവെന്നും കുടുംബം ആരോപിച്ചു. മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കാനാണ് ലിജുവിന്റെ കുടുംബത്തിന്റെ തീരുമാനം.
