ധ്രുവ് റാഠിക്കെതിരേ പോലീസ് കേസെടുത്തു; നടപടി ലോക്‌സഭ സ്പീക്കറുടെ മകളെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ

മുംബൈ: സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസർ ധ്രുവ് റാഠിക്കെതിരേ പോലീസ് കേസെടുത്തു. ലോക്‌സഭ സ്പീക്കറുടെ മകളെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് മഹാരാഷ്ട്ര പോലീസിന്റെ സൈബർ സെൽ കേസ് രജിസ്റ്റർ ചെയ്തത്. തെറ്റായ വിവരങ്ങൾ ട്വീറ്റ് ചെയ്ത് ഓം ബിർളയുടെ മകൾ അഞ്ജലി ബിർളയെ അപകീർത്തിപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടി ഓം ബിർളയുടെ ബന്ധു നൽകിയ പരാതിയിലാണ് നടപടി.

സ്പീക്കർ ഓം ബിർളയുടെ മകൾ അഞ്ജലി ബിർള പരീക്ഷ പോലും എഴുതാതെ യു.പി.എസ്.സി. പരീക്ഷയിൽ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠിയുടെ ട്വീറ്റ്. ഇത് സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. അഞ്ജലിയുടെ ചിത്രം സഹിതമാണ് ധ്രുവ് റാഠി ട്വീറ്റ് ചെയ്തിരുന്നത്.

ധ്രുവിന്റെ ട്വീറ്റ് വിവാദമായതോടെയാണ് അഞ്ജലിയുടെ ബന്ധുവായ നമാൻ മഹേശ്വരി മഹാരാഷ്ട്ര സൈബർ സെല്ലിനെ സമീപിച്ചത്. 2019-ൽ ആദ്യത്തെ പരിശ്രമത്തിൽ തന്നെ അഞ്ജലി യു.പി.എസ്.സി. പരീക്ഷ വിജയിച്ചതായാണ് ഇവരുടെ പരാതിയിൽ പറയുന്നത്. ധ്രുവ് റാഠിയുടെ ട്വീറ്റിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണെന്നും ഇത് അഞ്ജലിയെ രാജ്യത്തിനകത്തും പുറത്തും അപകീർത്തിപ്പെടുത്തിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. സംഭവത്തിൽ കേസെടുത്ത മഹാരാഷ്ട്ര പോലീസ് ധ്രുവ് റാഠിയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: