മുംബൈ: ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ചതിന് അറസ്റ്റിലായ മലയാളി ആക്ടിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ റിജാസ് സൈദീക്ക് (26) ഡാർക്ക് വെബിൽ സജീവമായിരുന്നുവെന്ന് പോലീസ്. ഇയാൾ അവിടെയും പ്രകോപനപരമായ അഭിപ്രായങ്ങൾ പങ്കുവയ്ക്കാറുണ്ടായിരുന്നതായി കണ്ടെത്തി. പ്രാഥമിക അന്വേഷണത്തിൽ തന്നെ യുവാവിന്റെ ഡാർക്‌വെബിലെ സാന്നിധ്യം കണ്ടെത്തിയെന്നും വിശദമായ അന്വേഷണം നടത്തുന്നതിനിടെ ഭാഗമായി ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സൈബർ ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മെയ് ഏഴിന് നാഗ്പുരിലെ ഹോട്ടലിൽ നിന്നാണ് റിജാസിനെയും നിയമവിദ്യാർഥിനിയായ സുഹൃത്ത് ഉഷാകുമാരിയെയും അറസ്റ്റ് ചെയ്തത്. ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം നാഗ്‌പുരിലെത്തിയപ്പോഴാണ് സുഹൃത്തിനൊപ്പം റിജാസിനെ കസ്റ്റഡിയിലെടുത്തത്. സുഹൃത്തിനെ പിന്നീട് വിട്ടയച്ചു. രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ, കലാപാഹ്വാനം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ മാസം 13 വരെ റിജാസ് പോലീസ് കസ്റ്റഡിയിലായിരുന്നു.
റിജാസിന്‍റെ കുടുംബാംഗങ്ങളേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. കേരളത്തില്‍ റിജാസിനെതിരെയുള്ള കേസുകളിലെല്ലാം വിശദമായ അന്വേഷണം നടക്കും. കശ്മീരിൽ ഭീകരരുടെ വീടുകൾ തകർക്കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി പനമ്പിള്ളി നഗറിൽ പ്രതിഷേധിച്ചതിന് റിജാസ് ഉൾപ്പെടെ 10 പേർക്കെതിരെ ഏപ്രിൽ അവസാനം പൊലീസ് കേസെടുത്തിരുന്നു. അനുമതിയില്ലാതെയുള്ള സംഘം ചേരൽ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. കളമശേരി യഹോവസാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് റിജാസ് ജോലി ചെയ്തിരുന്ന ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വാര്‍ത്തയുടെ പേരിലും പോലീസ് കേസെടുത്തിരുന്നു.
