Headlines

പാതിവില തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ്

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. നടപടിക്രമങ്ങള്‍ പാലിച്ച് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഡിജിപി തന്നെയാണ് വ്യക്തമാക്കിയത്.
ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിയാക്കി കേസെടുത്ത പെരിന്തൽമണ്ണ പൊലീസിന്റെ നടപടിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജിയാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യമൊരുക്കണമെന്നും ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ നിലവില്‍ തെളിവുകളില്ലെന്നും ഡിജിപി അറിയിച്ചു. പൊലീസിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഉന്നത സ്ഥാനത്തുള്ളവരെ പ്രതിചേര്‍ക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാൻ സംസ്ഥാന ആഭ്യന്ത വകുപ്പിന് ഡിവിഷന്‍ ബെഞ്ച് നിർദേശം നൽകി.


സന്നദ്ധ സംഘടന നല്‍കിയ പരാതിയിലാണ് സി എന്‍ രാമചന്ദ്രനെ കേസില്‍ പ്രതി ചേര്‍ത്തത്. കേസിലെ മൂന്നാം പ്രതിയാണ് സിഎന്‍ രാമചന്ദ്രന്‍. എന്‍ജിഒ ഫെഡറേഷനുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നതിലാണ് ജ. സി എന്‍ രാമചന്ദ്രന്‍ നായരെക്കൂടി കേസില്‍ പ്രതി ചേര്‍ത്തത്. ഇമ്പ്ളിമെന്റിങ് ഏജന്‍സയായ അങ്ങാടിപ്പുറം കെഎസ്എസ് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. ചാരിറ്റി സംഘടനയായതിനാലാണ് സംഘടനയുടെ ഉപദേശകസ്ഥാനത്തേക്കുള്ള ക്ഷണം സ്വീകരിച്ചതെന്നും സ്‌കൂട്ടറിനായി പണപ്പിരിവ് നടക്കുന്നതായി അറിഞ്ഞതോടെ ഉപദേശകസ്ഥാനത്തുനിന്ന് തന്റെ പേര് മാറ്റണമെന്ന് ആനന്ദ് കുമാറിനോട് താന്‍ അഭ്യര്‍ത്ഥിച്ചെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായർ പറഞ്ഞിരുന്നു.

അതേസമയം വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അമ്പതിലധികം നേതാക്കള്‍ക്ക് പണമെത്തിക്കുന്ന പൊളിറ്റിക്കല്‍ ഫണ്ടറായിരുന്നു അനന്തു കൃഷ്ണനെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിന്റെ രേഖകളും അനന്തുവിന്റെ ഐപാഡിലും ഡയറിയിലുമുണ്ട്. ചില പാര്‍ട്ടികളുടെ സെക്രട്ടറിമാര്‍ക്ക് ഒറ്റത്തവണയായി അനന്തു 25 ലക്ഷം രൂപയിലേറെ നല്‍കിയെന്നും രേഖയുണ്ട്. അന്വേഷണം നടക്കുന്നതിനാല്‍ പൊലീസ് ജനപ്രതിനിധികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: