തിരുവനന്തപുരം: കൈമനത്ത് വാഴത്തോട്ടത്തിൽ 50 വയസുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്തിനായുള്ള അന്വേഷണം ഊർജിതം. കരുമം ഇടഗ്രാമം പാഞ്ചിപ്ലാവിള വീട്ടില്‍ ഷീജയെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് നടന്ന പരിശോധനയിൽ ഇത് ഷീജയുടെ മൃതദേഹമാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്തായ ഓട്ടോഡ്രൈവര്‍ സജി എന്ന സനോജിനായുള്ള തെരച്ചിൽ പോലീസ് ആരംഭിച്ചു. ഇയാളുടെ വീടിന് സമീപത്തായുള്ള വാഴത്തോട്ടത്തിൽ നിന്നാണ് ഷീജയുടെ കത്തിക്കരിഞ്ഞ മൃതശരീരം കണ്ടെത്തിയത്.
സനോജിന്റെ വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍നിന്ന് രാത്രി സ്ത്രീയുടെ നിലവിളികേട്ടതോടെയാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ശരീരമാകെ പൊള്ളലേറ്റനിലയിലായിരുന്നു. ആദ്യഘട്ടത്തില്‍ മരിച്ചതരാണെന്ന് തിരിച്ചറിയാനായില്ല. തുടര്‍ന്ന് പോലീസ് കരമന പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ന് രാവിലെയാണ് മരിച്ചത് ഷീജയാണെന്ന് തിരിച്ചറിഞ്ഞത്.
മരിച്ച ഷീജയും സനോജും സുഹൃത്തുക്കളായിരുന്നുവെന്നും. ഇവർ കുറച്ചുനാളുകൾക്ക് മുൻപ് വരെ ഒന്നിച്ചാണ് കഴിഞ്ഞിരുന്നതെന്നുമാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇരുവരും തമ്മിൽ ചില തർക്കങ്ങളും പിണക്കങ്ങളുമുണ്ടായതോടെ സനോജ് ഷീജയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഷീജയുടെ സഹോദരി ഷീബ പറഞ്ഞു. ഉള്ളൂരിലെ ഒരു വസ്ത്ര വ്യാപാരസ്ഥാപനത്തില്‍ ജീവനക്കാരിയാണ് ഷീജ. സനോജുമായി പിരിഞ്ഞ ശേഷം ജോലിചെയ്യുന്ന സ്ഥാപനത്തിന് സമീപത്തെ ഒരു ഹോസ്റ്റലിലാണ് ഷീജ താമസിച്ചിരുന്നത്.
വിവരമറിഞ്ഞ് ഉന്നത പോലീസ് സംഘമുൾപ്പെടെ സംഭവസ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. മന്ത്രി വി. ശിവന്‍കുട്ടിയും സംഭവസ്ഥലം സന്ദര്‍ശിച്ചു.
