വാഹനപരിശോധനയില്‍ രേഖകളില്ലാത്ത വാഹനം പൊലീസ് പിടിച്ചെടുക്കരുത്; മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : വാഹന പരിശോധന വേളയില്‍ മതിയായ രേഖയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കുവാന്‍ പാടില്ലെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവുണ്ടായിട്ടും അത് പാലിക്കുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്മാര്‍ വാഹനപരിശോധനയുടെ മറവില്‍ ജനങ്ങളെ ക്രൂശിക്കരുതെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പോലീസ് യാതൊരു കാരണവശാലും വാഹനം പിടിച്ചെടുക്കുവാന്‍ പാടുള്ളതല്ല. നിശ്ചിത സമയപരിധിക്കുള്ളില്‍ രേഖകളുടെ അസ്സല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുന്നതിന് നിര്‍ദ്ദേശം നല്‍കുക മാത്രമേ ചെയ്യാവൂ എന്നും കമ്മീഷന്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഒരു കേസില്‍ മലമ്പുഴ പോലീസ് ആനക്കല്ല് ഭാഗത്ത് താമസിക്കുന്ന ആദിവാസി ദമ്പതികളുടെ വാഹനം പിടിച്ചെടുത്തുവെന്നും ഇതിനെത്തുടർന്ന് പാലക്കാട് ജില്ലയിലെ ദമ്പതികള്‍ 23 കിലോമീറ്റര്‍ നടന്നാണ് വീട്ടിലെത്തിയെന്നും മറ്റും കാണിച്ചുള്ള പരാതിയിലാണ് നടപടി. ഇത്തരത്തിലുള്ള ദുരന്താനുഭവം ഇനി ആര്‍ക്കും ഉണ്ടാവാതിരിക്കാന്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലുള്ള വാഹനപരിശോധന നടത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന പരാതിക്കാരന്റെ ആവശ്യം മുഖവിലയ്ക്കെടുത്തു.
വാഹനപരിശോധനാ വേളയില്‍ പോലീസ് പലപ്പോഴും മോശമായ രീതിയിലും, പരുഷമായും ഇടപെടുന്നതിലാണ് പോലീസിനെതിരെ കൂടുതല്‍ പരാതികള്‍ വരുന്നതെന്ന് കമ്മീഷനില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമാണ്. ആകയാല്‍ വാഹനപരിശോധന നിയമാനുസൃതമായി മാത്രം നടത്താനും പരിശോധന സമയത്ത് യാത്രക്കാരോട് മാന്യമായി ഇടപെടാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് സംസ്ഥാന മനുഷ്യാവകാശ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് നിര്‍ദ്ദേശിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: