തൃശൂർ: പൂർണ ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാൻ കോടതിയിലെത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥ. കോടതിയിലെത്തിയതോടെ പ്രസവ വേദന ആരംഭിച്ചു. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിലെത്തിയതിന് തൊട്ടുപിന്നാലെ ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ശ്രീലക്ഷ്മിയാണ് പൂർണഗർഭിണിയായിരിക്കെ മൊഴിനൽകാൻ കോടതിയിലെത്തിയത്.
സ്റ്റേഷനിൽ വച്ച് പ്രതി പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ മൊഴി നൽകാനായിരുന്നു ശ്രീലക്ഷ്മി കോടതിയിലെത്തിയത്. ഒല്ലൂർ സ്റ്റേഷനിലെ ഇൻസ്‌പെക്ടറായിരുന്ന ഫർഷാദിനെ പ്രതി ആക്രമിച്ചു പരിക്കേല്പിച്ചു എന്നതാണ് കേസ്. പൂർണ ഗർഭിണിയായ ശ്രീലക്ഷ്മി കേസിൽ മൊഴി നൽകിയശേഷമേ അവധിയെടുക്കൂ എന്ന നിലപാടിലായിരുന്നു. ഇന്നലെയായിരുന്നു കോടതിയിൽ മൊഴിനൽകേണ്ടിയിരുന്നത്.
ദിവസവും ഓട്ടോറിക്ഷയിലാണ് ശ്രീലക്ഷ്മി സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്കായി എത്തിയിരുന്നത്. മൊഴി നൽകേണ്ട ദിവസമായ ഇന്നലെയും ഓട്ടോറിക്ഷയിൽ നേരത്തെ സ്റ്റേഷനിലെത്തി. സഹപ്രവർത്തകരുമായി വാഹനത്തിൽ തൃശൂർ മജിസ്ട്രേറ്റ് കോടതി മുറ്റത്തെത്തിയ ഉടൻ ബ്‌ളീഡിംഗ് തുടങ്ങുകയായിരുന്നു. ഉടൻതന്നെ സഹപ്രവർത്തകർ ശ്രീലക്ഷ്മിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടപിന്നാലെ പ്രസവം നടക്കുകയും ചെയ്തു.
ശ്രീലക്ഷ്മിയുടെ ആദ്യപ്രസവമാണിത്. ഭർത്താവ് ആശ്വിൻ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ശാരീരിക വിശ്രമം വേണ്ട സമയത്തും കാട്ടിയ കൃത്യനിർവഹണത്തോടുള്ള ആത്മാർത്ഥതയെ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ അഭിനന്ദിച്ചു
