ദില്ലിയിൽ വോട്ടെടുപ്പ് പൂര്‍ത്തിയായി; പോളിംഗ് 57.70 ശതമാനം

ദില്ലി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. വൈകിട്ട് അഞ്ച് മണി വരെ 57.70 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാഷ്ട്രപതി, ഉപരാഷ്ട്രപതി ഉള്‍പ്പെടെ പ്രമുഖരെല്ലാം വോട്ട് രേഖപ്പെടുത്തി. ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം. ചൂടും വാശിയും ഏറിയ പോരാട്ടത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പ് ആദ്യമണിക്കൂറുകളില്‍ മന്ദഗതിയിലായിരുന്നെങ്കിലും ഉച്ചയോടെ സജീവമായി.

രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, സിപിഐഎം നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, ദില്ലി മുഖ്യമന്ത്രി അതിഷി, അടക്കം പ്രമുഖ ദേശീയ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്തതാണ് ദില്ലിയിലെ പ്രശ്‌നമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. ദില്ലിയില്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ എന്ന ദുരന്തം വരാതിരിക്കാന്‍ ആണ് തന്റെ വോട്ടെന്നും ബൃന്ദ കാരാട്ടും പ്രതികരിച്ചു. ദില്ലി സീലംപുര്‍ മണ്ഡലത്തില്‍ ബുര്‍ഖ ധരിച്ചെത്തി കളളവോട്ട് നടന്നുവെന്ന് ബിജെപി ആരോപിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായി. മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെയാണ് രാജ്യതലസ്ഥാനം ജനവിധി എഴുതിയത്. നഗരമേഖലയേക്കാള്‍ ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്തു.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കുംഭമേള നടക്കുന്ന യുപി പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്തു. ഏതുവിധേനയും അധികാരം തിരിച്ചുപിടിക്കാനുള്ള പ്രചരണത്തില്‍ ആയിരുന്നു ബിജെപി. നാലാം തവണയും അധികാരം നിലനിര്‍ത്താന്‍ ഭരണനേട്ടങ്ങളും ആനുകൂല്യങ്ങളും എണ്ണിപ്പറഞ്ഞായിരുന്നു ആം ആദ്മിയുടെ പ്രചരണം. അതേസമയം കോണ്‍ഗ്രസിന് ഇത്തവണയും പ്രചരണ ഘട്ടങ്ങളില്‍ പോലും വലിയ തരംഗമാകാന്‍ കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: