വെള്ളറട: അന്യസംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി ഗ്രാമങ്ങളിലേക്കൊഴുകുന്നത് ഗുണനിലവാരമില്ലാത്ത ഭക്ഷ്യ യോഗ്യമല്ലാത്ത ഉൽപ്പന്നങ്ങൾ. ഭക്ഷ്യസുരക്ഷാ വിഭാഗമോ ആരോഗ്യവകുപ്പോ ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അന്യസംസ്ഥാനങ്ങളിൽ നിന്നും കൃത്രിമപാലും പാലുത്പന്നങ്ങളും ഭക്ഷ്യയോഗ്യമല്ലാത്ത ചീഞ്ഞ മത്സ്യങ്ങളും രോഗബാധിതമായ കന്നുകാലികളെയും ആണ് കൊണ്ടുവന്ന് വില്പന നടത്തുന്നത്. മാസങ്ങൾ പഴക്കമുള്ള മത്സ്യങ്ങളാണ് രാസവസ്തുക്കൾ ചേർത്ത് പനച്ചമൂട്ടിലെ മാർക്കറ്റിൽ മൊത്തക്കച്ചവടം നടത്തുന്നത്.
അസഹ്യമായ ദുർഗന്ധവും പുഴുക്കളുമുള്ള മത്സ്യങ്ങൾ വരെ ഇവിടെ വിറ്റഴിക്കുന്നു. ഇവിടെ നിന്നും ചില്ലറ വില്പനക്കാർ മറ്റു സ്ഥലങ്ങളിലും വീടുകളിൽ കൊണ്ടുപോയും കച്ചവടം നടത്തുന്നു. ഇത്തരത്തിലുള്ള മത്സ്യം കഴിച്ച് രോഗബാധിതരായി നിരവധിപേർ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചെങ്കിലും ഭക്ഷ്യ സുരക്ഷാവിഭാഗം മാർക്കറ്റിലേക്ക് തിരിഞ്ഞുപോലും നോക്കാത്തതിനാലാണ് ഇത്തരം മത്സ്യവില്പന പതിവാകുന്നത്. മുൻകാലങ്ങളിൽ ആരോഗ്യവകുപ്പ് വല്ലപ്പോഴും മാർക്കറ്റിനുള്ളിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് പരിശോധനച്ചുമതല നൽകിയതോടെയാണ് ആരോഗ്യ വകുപ്പിന്റെ പരിശോധന നിലച്ചത്.
കട്ടിപ്പാൽ ലാഭം കൊയ്യുന്നു
മത്സ്യത്തിന് പുറമെ വിവിധ ബ്രാൻഡുകളിലുള്ള റബർ പാലുപോലെ കട്ടിയുള്ള പാലുത്പന്നങ്ങളും അതിർത്തി ഗ്രാമങ്ങളിൽ വിറ്റ് ലാഭം കൊയ്യുന്ന സ്ഥാപനങ്ങളും നിരവധിയുണ്ട്. ഹോട്ടലുകളിലും ചായക്കടകളിലും ഈ പാലുപയോഗിച്ചാണ് ചായ തയ്യാറാക്കുന്നത്. അമിതമായി കട്ടിയുള്ളതിനാൽ ചായയ്ക്ക് കുറച്ച് പാലുമതി. ഇത് ലാഭം കൂട്ടുമെന്നതിനാൽ കച്ചവടക്കാരേറെയും ഇതുപയോഗിക്കുന്നു.
രോഗബാധിതരായ കന്നുകാലികൾ
തമിഴ്നാട്ടിൽ നിന്നും യാതൊരുവിധ പരിശോധനയുമില്ലാതെ അനധികൃത കശാപ്പുശാലകളിൽ കൊണ്ടുവരുന്ന രോഗബാധിതമായ കന്നുകാലികളെ വരെ വില്പന നടത്തുന്ന സംഘങ്ങളും സജീവമാണ്. ഭക്ഷ്യസുരക്ഷാവിഭാഗം അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് കാര്യമായ പരിശോധനകൾ നടത്തിയില്ലെങ്കിൽ ജനങ്ങൾ വിവിധ തരത്തിലുള്ള രോഗങ്ങൾക്ക് അടിമയാകുമെന്ന കാര്യത്തിൽ സംശയമില്ല.
വ്യാജ തേയിലപ്പൊടി
വ്യാപകമായ തോതിൽ വ്യാജ തേയിലപ്പൊടികളും വിപണിയിലിന്ന് സുലഭമാണ്. ചില മൊത്തക്കച്ചവടക്കാർ വഴിയാണ് ഇത്തരത്തിലുള്ള തേയിലപ്പൊടികൾ വിതരണം നടത്തുന്നത്. പായ്ക്കറ്റുകളിൽ പ്രമുഖ കമ്പനികളുടെ വിലാസവും രേഖപ്പെടുത്തിയിട്ടുണ്ട്.
