തിരുവനന്തപുരം: പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം. പോത്തൻകോട് നേതാജിപുരത്താണ് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചത്. നേതാജിപുരം സ്വദേശി നഹാസിന്റെ വീടിന് നേർക്കാണ് ആക്രമണം നടന്നത്. നഹാസിന്റെ കൈ തല്ലിയൊടിച്ചു. കൊലക്കേസ് പ്രതി ഉൾപ്പെടെ 30 അംഗ സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് സ്കൂട്ടറുകൾ അക്രമിസംഘം തല്ലിത്തകർത്തു.തടയാനെത്തിയ നാട്ടുകാരെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചതായാണ് വിവരം. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ജംഗ്ഷനിൽ തുടങ്ങിയ വാക്കേറ്റമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. യുവതിയെ വീടിനുള്ളിൽ വച്ച് കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ബിനീഷ്, പപ്പടം കുട്ടൻ എന്ന ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു
