പാലക്കാട്: പട്ടാമ്പിയിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കൻഘത്ത് പറമ്പിൽ കെ.പി. പ്രവിയ (30) ആണ് മരിച്ചത്. പ്രവിയയെ കൊലപ്പെടുത്തിയ കാമുകനും ജീവനൊടുക്കി. തൃത്താല ആലൂർ സ്വദേശിയായ സന്തോഷാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സന്തോഷിനെ അതീവ ഗുരുതരാവസ്ഥയിൽ എടപ്പാളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇയാളും മരിച്ചു.
ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും ഇതിൽ നിന്ന് പ്രിവിയ പിന്മാറി മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ് കൊലപാതകത്തിന് പ്രകോപനമെന്നും പൊലീസ് സംശയിക്കുന്നു.
പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ് മരിച്ച പ്രവിയ. ജോലിക്കായി വരുന്ന സമയത്ത് പ്രവിയയുമായി അടുപ്പമുണ്ടായിരുന്ന സുഹൃത്ത് സ്കൂട്ടർ തടഞ്ഞുനിർത്തി ആക്രമിച്ചതാണെന്നാണ് വിവരം. പ്രവിയ സഞ്ചരിച്ചിരുന്ന സ്കൂട്ടറും കത്തിയ നിലയിലാണ്.

