ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ലോക്സഭയില്‍ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഉണ്ടാകുന്നതിനാൽ വിജയിച്ചു 48 മണിക്കൂറിനുള്ളിൽ തന്നെ MP യാകുന്ന ബഹുമതിയും പ്രിയങ്ക കിട്ടും. ഡിസംബർ 20 വരെ സമ്മേളനം നീണ്ടുനിൽക്കും.
ഇതിനകം വിവാദമായ വഖഫ് ബില്‍ ഉള്‍പ്പടെ 15 സുപ്രധാന ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ സംയുക്ത പാര്‍ലമെന്ററി സമിതി(JPC) ക്ക് മുമ്പാകെയുള്ള വഖഫ് ബില്ലിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. ജെപിസി കാലാവധി നീട്ടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അധ്യക്ഷൻ ബിജെപി എംപി ജഗദംബിക പാൽ സമ്മതിച്ചിട്ടില്ല.
പാർലമെന്റിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചിട്ടുണ്ട്. കേരളത്തെ ഏറ്റവും അധികം ബാധിച്ച വിഷയം ആയതിനാൽ ഇക്കാര്യത്തിൽ പ്രിയങ്കക്ക് ഇടത് പക്ഷത്തിൻ്റെ അടക്കം പിന്തുണ ഉണ്ടാകും.
അതേസമയം വയനാട്ടിൽ ഇടക്കിടെ വരാൻ ഉള്ളതിനാൽ പ്രിയങ്ക ഗാന്ധി മലയാളം പഠിക്കാൻ തുടങ്ങി എന്നും റിപോർട്ട് ഉണ്ട്. അത്യാവശ്യ കര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ മലയാളം പഠിക്കാൻ ആണ് ശ്രമിക്കുന്നത്
പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
വയനാട്ടിൽ പ്രിയങ്കാഗാന്ധി 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കന്നിയങ്കം ജയിച്ചത്. രാഹുൽ ഗാന്ധി ഈ വർഷം നടന്ന പൊതു തരഞ്ഞെടുപ്പിൽ നേടിയ 3,64,422 വോട്ടന്റെ ഭൂരിപക്ഷം മറികടക്കുകയും ചെയ്തിരുന്നു. രാഹുലിനെക്കാൾ 46,509 കൂടുതൽ വോട്ട് പ്രിയങ്ക നേടി. 2019ൽ 4,31,770 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുൽഗാന്ധിക്ക് ഉണ്ടായത്. ഇടതുമുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരിക്ക് ലഭിച്ചതാകട്ടെ 2,11,407 വോട്ട്.
പോളിംഗ് കുറഞ്ഞിട്ടും പ്രിയങ്ക റെക്കോർഡ് വോട്ട് നേടി. 64.27 ശതമാനം പോളിങ്ങാണ് ഇക്കുറി രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 73.57 ശതമാനം പോളിങ് രേഖപ്പെടുത്തിയ മണ്ഡലമായിരുന്നു വയനാട്. യുഡിഎഫിന് വേണ്ടി പ്രിയങ്ക ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറുകയായിരുന്നു.
