Headlines

പ്രിയങ്ക ഗാന്ധി പ്രചരണത്തിനായി ഇന്ന് വയനാട്ടിൽ എത്തും; നാളെ നാമനിർദേശ പത്രിക സമർപ്പിക്കും




വയനാട്: ഉപതെരഞ്ഞെടുപ്പിന് വയനാട്ടില്‍ പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും. രാഹുല്‍ ഗാന്ധിക്കൊപ്പം വൈകീട്ടോടെയാണ് പ്രിയങ്ക മണ്ഡലത്തിലെത്തുക. മൈസൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇരുവരും ബത്തേരിയില്‍ എത്തുന്നത്.


നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും നാളെ മണ്ഡലത്തിലെത്തും. രണ്ട് കിലോമീറ്റര്‍ റോഡ്‌ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമര്‍പ്പണം. പരമാവധി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് നാളത്തെ റോഡ് ഷോ വന്‍വിജയമാകാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ ആവേശത്തില്‍ രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ വിവിധ സ്ഥലങ്ങളില്‍ പ്രിയങ്ക ഗാന്ധിയുടെ നൂറു കണക്കിന് പോസ്റ്റര്‍ പതിച്ചിരിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രചാരണത്തിനായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും വയനാട്ടിലേയ്ക്ക് എത്തും.


പ്രിയങ്ക ഗാന്ധി വരുന്നതിന്റെ ഭാഗമായി അനാവശ്യമായി വയനാട്ടിലേയ്ക്ക് ആരും വണ്ടികയറരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാര്‍ക്കാണ് വയനാട്ടിലെ തെരഞ്ഞെടുപ്പ് ചുമതല. ചേലക്കരയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കൊടിക്കുന്നില്‍ സുരേഷിനെയുമാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത്. ബെന്നി ബെഹന്നാനും കെ സി ജോസഫിനുമാണ് പാലക്കാട് ചുമതല നല്‍കിയിരിക്കുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: