ചലച്ചിത്ര നിര്‍മാതാവ് ജി.സുരേഷ്‌കുമാറിനെതിരേ വിമര്‍ശനവുമായി നിര്‍മാതാവും നടനുമായ ആന്റണി പെരുമ്പാവൂര്‍. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതെന്ന് ആന്റണി പെരുമ്പാവൂര്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും സാധിക്കൂ.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
എനിക്ക് പറയാനുള്ളത്…?
കഴിഞ്ഞ മാസത്തെ മലയാള സിനിമയെ വിലയിരുത്തി മലയാള സിനിമാവ്യവസായത്തെപ്പറ്റി മുതിര്‍ന്ന നിര്‍മ്മാതാവും നടനുമൊക്കെയായ ശ്രീ സുരേഷ്‌കുമാര്‍ മാധ്യമങ്ങളോടു നടത്തിയ തുറന്നുപറച്ചിലിനെപ്പറ്റി ചിലതു പറയണമെന്നുള്ളതുകൊണ്ടാണ് ഈ കുറിപ്പ്. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമദ്ദേഹത്തിനുണ്ട്. എന്നാല്‍, ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നില്‍ക്കാനും പിന്തുണയ്ക്കാനും സാധിക്കൂ. സംഘടനയില്‍ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങള്‍ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാന്‍ അദ്ദേഹം തയാറായതുകൊണ്ടുമാത്രം, അതേ സ്വാതന്ത്ര്യം എടുത്തുകൊണ്ട്, ഞാനും ചിലതു ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയുകയാണ്.
ജൂണ്‍ ഒന്ന് മുതല്‍ നിര്‍മ്മാതാക്കള്‍ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തില്‍ ശ്രീ സുരേഷ്‌കുമാര്‍ പറഞ്ഞതു ഞാനും കണ്ടു. മറ്റു ചില സംഘടനകളില്‍ നിന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാവണം അദ്ദേഹം അങ്ങനെ പറയാന്‍ തയാറായത് എന്നാണ് ഞാന്‍ കരുതുന്നത്. ഇത്തരത്തിലൊരു സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്നു ഞാന്‍ കരുതുന്നില്ല. കാരണം നൂറുകണക്കിനാളുകളെ, അതുവഴി ആയിരക്കണക്കിനു കുടുംബങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒന്നാണത്. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുമുണ്ട്.കൂട്ടത്തിലുള്ളവരെപ്പറ്റിയും സിനിമയിലെ മറ്റു മേഖലകളിലുള്ളവരെയും പുത്തന്‍തലമുറയെപ്പറ്റി കടുത്തഭാഷയില്‍ വിമര്‍ശിച്ചാല്‍ അദ്ദേഹത്തോടൊപ്പം സംഘടനയിലെ മറ്റുള്ളവര്‍ നിശബ്ദമായി പിന്തുണയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ ധാരണയെന്നും അതു കേട്ടപ്പോള്‍ എനിക്കു തോന്നി. എതെങ്കിലും നിക്ഷിപ്ത താല്‍പര്യക്കാരുടെ വാക്കുകളില്‍ അദ്ദേഹം പെട്ടുപോയതാണോ എന്നും സംശയം തോന്നി. നൂറു കോടി ക്‌ളബില്‍ കയറിയ മലയാള സിനിമകളെ പരിഹസിച്ചും വെല്ലുവിളിച്ചും അദ്ദേഹം സംസാരിച്ചതും കേട്ടു. സിനിമ 50 കോടി, 100 കോടി, 200 കോടി 500 കോടി ക്‌ളബുകളില്‍ കയറുക എന്നത് ഇന്ത്യയിലെവിടെയുമുള്ള ഫിലിം ഇന്‍ഡസ്ട്രകളില്‍ നിലവിലെ രീതിയനുസരിച്ച് എന്റെ അറിവില്‍ മൊത്തം കളക്ഷനെ അഥവാ ഗ്രോസ് കളക്ഷനെ അടിസ്ഥാനമാക്കിക്കന്നെയാണ്. തീയറ്ററില്‍ നിന്നു മൊത്തം വരുന്ന കളക്ഷനും ആ സിനിമയ്ക്ക് വിവിധ രീതികളില്‍ നിന്ന് വന്നുചേരുന്ന മറ്റുവരുമാനങ്ങളും കൂടി ചേരുന്നതാണത്. നിര്‍മ്മാതാവിനുള്ള അറ്റാദായത്തെ വച്ചിട്ടല്ല അങ്ങനെയുള്ള വിലയിരുത്തലും വിശേഷണങ്ങളും. അത് ബോളിവുഡ്ഡിലും തമിഴിലും തെലുങ്കിലുമെല്ലാം അങ്ങനെതന്നെയാണുതാനും. അതിനെ നിര്‍മ്മാതാവിനു മാത്രം കിട്ടിയതായുള്ള അവകാശവാദമായി ചിത്രീകരിച്ചു വിമര്‍ശിക്കുന്നതിന്റെ പൊരുള്‍ ദുരൂഹമാണ്. പിന്നെ, അദ്ദേഹം പ്രതിനിധീകരിക്കുന്ന സംഘടനയിലുള്ളവരില്‍പ്പെട്ടവര്‍ തന്നെയാണല്ലോ ഇങ്ങനെ നൂറുകോടി ക്‌ളബിലും 200 കോടി ക്‌ളബിലും ഇടം നേടിയ വിശേഷണങ്ങള്‍ പ്രചരിപ്പിക്കുന്നതും. മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ക്ക് ചുരുങ്ങിയ നാള്‍ കൊണ്ട് അത്രയ്ക്കു കളക്ഷന്‍ കിട്ടു, അവ മറ്റുനാടുകളിലെ അതിലും വലിയ സിനിമകള്‍ക്കൊപ്പമെത്തുകയും ചെയ്യുന്നതില്‍ സന്തോഷിക്കുകയും ആ സന്തോഷം പങ്കിടുകയും ചെയ്യുന്നതില്‍ അപാകതയില്ലെന്നാണ് എന്റെ അഭിപ്രായം. അതിനെയൊക്കെ ചോദ്യം ചെയ്തും അധിക്ഷേപിച്ചും അപരാധമെന്നോണം വ്യാഖ്യാനിച്ചും ശ്രീ സുരേഷ് കുമാര്‍ സംസാരിച്ചതിന്റെ ചേതോവികാരവും അവ്യക്തമാണ്.