കൊച്ചി: സിനിമാ റിവ്യൂ ബോംബിങ് അനുവദിക്കില്ലെന്ന കടുത്ത നിലപാടുമായി നിർമാതാക്കൾ. നിർമാതാക്കളുടെ സംഘടന അക്രഡിറ്റേഷൻ നൽകുന്നവരെ മാത്രമെ സിനിമ പ്രമോഷനിൽ സഹകരിപ്പിക്കൂ. നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. മികവും അംഗീകാരവും പ്രാപ്തിയുമുള്ളവരെ കണ്ടെത്തി അക്രഡിറ്റേഷൻ നൽകും. വാർത്താസമ്മേളനങ്ങളിലടക്കം എത്തുന്ന ഡിജിറ്റൽ മാർക്കറ്റിങുകാരെയും നിയന്ത്രിക്കും. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരെ ഷോർട്ട് ലിസ്റ്റ് ചെയ്യുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.

സിനിമ റിവ്യൂ ബോംബിങ്ങില്‍ കൊച്ചി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഒൻപതു പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സിനിമ റിലീസ് ചെയ്യുന്നതിനു പിന്നാലെ നിരവധി അക്കൗണ്ടുകളിലൂടെ സിനിമയ്ക്കെതിരെ നെഗറ്റിവ് കമന്റുകളും മറ്റും പോസ്റ്റ് ചെയ്ത് സിനിമയെ മോശമാക്കി ചിത്രീകരിക്കുന്നതിനെയാണ് റിവ്യൂ ബോംബിങ് എന്നു പറയുന്നത്. റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ച് വ്ലോഗർമാർ റിവ്യൂ ബോംബിങ് നടത്തുന്നുവെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
