ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. നടി നിത്യ മേനോനുമായി ബന്ധപ്പെട്ട് സന്തോഷ് വര്‍ക്കി വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. നിത്യ മേനനെ വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്ന് സന്തോഷ് വര്‍ക്കി പലയിടങ്ങളിലും പറഞ്ഞിരുന്നു.
വര്‍ഷങ്ങളായി ഒരുപാട് രീതിയില്‍ സന്തോഷ് വര്‍ക്കി തന്നെ കുറെയേറെ കഷ്ടപ്പെടുത്തിയെന്നും, തന്നെയും തന്റെ മാതാപിതാക്കളെയും ഒരുപാട് ബുദ്ധിമുട്ടിച്ചെന്നും നിത്യ പറഞ്ഞിരുന്നു. അഞ്ചാറ് വര്‍ഷമായി സന്തോഷ് തന്റെ പിന്നാലെയുണ്ടെന്നും മുപ്പതോളം നമ്പറുകള്‍ താന്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും നിത്യ മേനന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇനി നിത്യയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് സന്തോഷ് തടിയൂരി.
നിത്യ മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പ് തന്നെ നടി നിഖില വിമലിനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താത്പ്പര്യമുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞിരുന്നു. നിഖിലയുടെ അമ്മയോട് വിവാഹക്കാര്യം സംസാരിച്ചെന്നും അവര്‍ക്ക് താത്പ്പര്യമില്ലെന്ന് പറഞ്ഞെന്നുമാണ് സന്തോഷ് പറഞ്ഞത്.
ഇപ്പോഴിതാ സിനിമ റിവ്യുവിൻ്റെ മറവിൽ നടി-നടന്മാർക്കെതിരേ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചു. താരങ്ങളെയും കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയിലും പാലാരിവട്ടം പൊലീസിലും പരാതി നൽകിയിരുന്നു.
മുമ്പ് നടൻ ബാലയെയും സന്തോഷ് വർക്കി സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചിരുന്നു. ബാലയുടെ പരാതി അമ്മ ജനറൽ സെക്രട്ടറി സിദിഖ് ഗൗരവമായി എടുക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വർക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് എഴുതി ഒപ്പുവെപ്പിച്ചു. ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് ഇയാൾക്ക് മുന്നറിയിപ്പ് നൽകി.
സിനിമ റിവ്യൂവിന്റെ മറവിൽ നടി-നടന്മാരുടെ കുടുംബത്തിനെതിരേ അശ്ലീല പരാമർശം നടത്തുന്ന യുട്യൂബർമാർക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് അമ്മയുടെ തീരുമാനം. അതേ സമയം തൻ്റെ പരാതിയിൽ സന്തോഷ് വർക്കിക്ക് തെറ്റു തിരുത്താനുള്ള അവസരമാണ് നൽകിയതെന്ന് നടൻ ബാല പറഞ്ഞു.

