കൊല്ലം: കൊല്ലത്തു നിന്നും പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കൊല്ലം കണ്ണനല്ലൂരിലെ വാടക വീട്ടിൽ നിന്നും അമ്പത് ചാക്കുകളിലായി സൂക്ഷിച്ച നിലയിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. കേസിൽ കൊല്ലം പാങ്കോണം സ്വദേശി പൊടിമാനാണ് അറസ്റ്റിലായത്. ഇയാൾ വാടകക്കെടുത്ത വീട്ടിലാണ് ഇവ സൂക്ഷിച്ചിരുന്നത്.
തൃശൂർ ഭാഗത്തു നിന്നുമാണ് ഇവ കണ്ണനല്ലൂരിലേക്ക് കടത്തി കൊണ്ടുവന്നത്. പുകയില ഉൽപ്പന്നങ്ങൾ കടത്തികൊണ്ടു വന്ന രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇവ കേരളത്തിലെത്തിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
വാഹന പരിശോധനയിൽ പിടിക്കപെടാതിരിക്കാൻ വെളുത്തുള്ളി നിറച്ച ചാക്കുകൾ മൂടിയാണ് പുകയില ഉൽപന്നങ്ങൾ കടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ ചില്ലറ കച്ചവടത്തിനെത്തിക്കുകയായിരുന്നു ഉദ്ദേശ്യം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഉറവിടങ്ങളെ സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.