തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ട്യൂഷൻ സെന്ററുകൾ, പാരലൽ കോളജുകൾ തുടങ്ങിയവ നടത്തുന്ന പഠന വിനോദയാത്രകൾ നിർത്തലാക്കുന്നതിന് കർശന നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. സർക്കാർ സ്കൂളുകളും കോളേജുകളും മാനദണ്ഡങ്ങൾ പാലിച്ച് യാത്രകൾ സംഘടിപ്പിക്കുമ്പോൾ യാതൊരു ഉത്തരവാദിത്തവും പാലിക്കാതെ സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന യാത്രകൾ ചൂണ്ടിക്കാട്ടി വാളകം മാർത്തോമ ഹൈസ്കൂൾ അധ്യാപകൻ സാം ജോൺ നൽകിയ ഹർജിയിലാണ് കമ്മീഷൻ അംഗം റെനി ആന്റണിയുടെ ഉത്തരവ്. പൊതുവിദ്യാഭ്യാസം, തദ്ദേശ വകുപ്പ് സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവി
ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർ ശുപാർശയിന്മേൽ ആവശ്യമായ നടപടികൾ സ്വീകരിക്കണം. എസ്എസ്എൽസി, ഹയർസെക്കൻഡറി പൊതുപരീക്ഷകളോടനുബന്ധിച്ചും അല്ലാതെയും സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും നടത്തി വരാറുള്ള രാത്രികാല പഠനക്ലാസുകൾ കർശനമായി നിരോധിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണ മെന്നും കമ്മീഷൻ നിർദേശം നൽകി.
ശുപാർശകൾ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 60 ദിവസത്തിനകം സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.