തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ സുരക്ഷിതമല്ലെന്ന വാദം വസ്തുതാവിരുദ്ധമെന്ന് സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പൂർണ്ണ സുരക്ഷ ഉറപ്പുനൽകുന്നുണ്ടെന്ന് പറഞ്ഞ മന്ത്രി സഹകരണ മേഖലയെ തകര്‍ക്കുന്നതിനുള്ള ഗൂഡശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം വാർത്തകൾ കെട്ടിച്ചമയ്ക്കുന്നതെന്നും കൂട്ടിച്ചേർത്തു.
സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് സഹകരണ നിക്ഷേപ ഗ്യാരന്റി ബോര്‍ഡ് സുരക്ഷ ഉറപ്പു നില്‍കുന്നുണ്ട്. അഞ്ച് ലക്ഷം രൂപയുടെ ഗ്യാരന്റിയാണ് ബോര്‍ഡ് ഉറപ്പു നല്‍കുന്നത്. വാണിജ്യ ബാങ്കുകളിലെ നിക്ഷേപത്തിന് ഗ്യാരന്റി നല്‍കുന്ന ഡിപ്പോസിറ്റ് ഇന്‍ഷ്വറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ നല്‍കുന്നതും 5 ലക്ഷം രൂപയുടെ പരിരക്ഷ മാത്രമാണ്.
എന്നാല്‍ സഹകരണ മേഖലയില്‍ ഇതിന് പുറമെ പ്രതിന്ധിയില്‍ ആകുന്ന സംഘങ്ങളെ സംരക്ഷിക്കാന്‍ പുതുതായി പുനരുദ്ധാരണ നിധി രൂപീകരിച്ചു കഴിഞ്ഞു. 1200 കോടി രൂപയാണ് പുനരുദ്ധാരണ നിധിക്കായി സജ്ജമാക്കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ധനസഹായം നല്‍കുന്ന പദ്ധതിയും നിലവിലുണ്ട്. ഇതൊക്കെ തമസ്‌കരിച്ചുകൊണ്ടാണ് സഹകരണമേഖലയിലെ നിക്ഷേപം സുരക്ഷിതമല്ലെന്ന വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.
കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ പണം ഇടാക്കുന്ന നിയമനടപടികള്‍ തുടര്‍ന്നതിനൊപ്പം നിക്ഷേപകര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ജില്ലയിലെ ബാങ്കുകള്‍ ചേര്‍ന്ന് കണ്‍സോഷ്യം രൂപീകരിച്ച് 20 കോടി രൂപ നല്‍കുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 5 കോടി രൂപയും റിസര്‍വ്വ് ഫണ്ടില്‍ നിന്ന് 2 കോടിയും കരുവന്നൂര്‍ ബാങ്കിന് നല്‍കിയിരുന്നു. പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തിച്ച് ജനങ്ങള്‍ക്ക് പണം നല്‍കുന്നതിനായിരുന്നു ഈ സഹായങ്ങളെന്നും മന്ത്രി പറഞ്ഞു
