തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യമില്ല. അറസ്റ്റിലായവർ നൽകിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.പ്രതികൾക്കെതിരെ കന്റോൺമെന്റ് പൊലീസ് പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി ഗവർണറുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. ആകെ പതിനേഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരൽ, കലാപാഹ്വാനം, പൊതുവഴിയിൽ തടസം സൃഷ്ടിക്കൽ, ക്രിമിനൽ ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തി.
കേരള സർവ്വകലാശാലയിൽ ആർഎസ്എസ് നോമിനികളെ സെനറ്റ് അംഗങ്ങളായി ഗവർണർ നിയമിച്ചുവെന്നാരോപിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. ഗതാഗതം തടസ്സപ്പെടുത്തിയെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്ന് പൊലീസിന് തടസ്സമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.
