ദില്ലി : ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ രംഗത്ത്. ഇന്ത്യക്കാകെ അഭിമാനമാണെന്നും ഓരോ ഇന്ത്യാക്കാരനും ഈ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നുമാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കുറിച്ച് അഭിമാനം എന്നും മോദി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ ഇന്ത്യയുടെ രണ്ടാം വിശ്വ വിജയത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ടൂർണമെൻ്റിലുടനീളം ഗംഭീരമായ പ്രകടനം നടത്തിയടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളെന്നാണ് രാഹുൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. സൂര്യകുമാർ യാദവിന്‍റെ ക്യാച്ചിനെയും രോഹിത് ശർമയുടെ നായക മികവിനെയും രാഹുൽ ദ്രാവിഡിന്‍റെ പരിശീലക മികവിനെയും രാഹുൽ ഗാന്ധി അഭിനന്ദിച്ചു.
17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടി 20 ലോകകപ്പിന്‍റെ കിരീടത്തിൽ ഇന്ത്യ മുത്തമിട്ടത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് സ്വന്തമാക്കിയത്. 2013 ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐ സി സി കിരീടം കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ 177 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനാണ് സാധിച്ചത്. ഹെന്റിച്ച് ക്ലാസനാണ് (27 പന്തില്‍ 52) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 59 പന്തില്‍ 76 നേടിയ വിരാട് കോലിയാണ് കലാശക്കളിയിലെ താരം. ജസ്പ്രീത് ബുംറയാണ് ഈ ലോകകപ്പിലെ താരം.

