കൊല്ലം:അക്കാദമിക് മേഖലയിലെ വിദഗ്ധർ തയ്യാറാക്കിയിട്ടും പി.എസ്.സി. പരീക്ഷകളിലെ ചോദ്യങ്ങളില്‍ തെറ്റുകള്‍ കൂടുന്നു.
പി.എസ്.സി. കഴിഞ്ഞവർഷം നടത്തിയ പരീക്ഷകളില്‍ 219 എണ്ണത്തിന്റെ അന്തിമ ഉത്തരസൂചികകളില്‍നിന്നാണ് ചോദ്യങ്ങള്‍ ഒഴിവാക്കിയത്. മിക്ക പരീക്ഷകളിലെയും അഞ്ചുശതമാനത്തിലധികം ചോദ്യങ്ങള്‍ ന്യൂനത കാരണം ഒഴിവാക്കാറുണ്ട്. നാലുഘട്ടമായി നടന്ന പത്താംതരം പ്രാഥമിക പരീക്ഷയില്‍ ഓരോ ഘട്ടത്തിലും ഏഴ് ചോദ്യങ്ങള്‍വരെയാണ് ഒഴിവാക്കിയിട്ടുള്ളത്. ഘട്ടംഘട്ടമായി നടത്തുന്ന പരീക്ഷകളില്‍ ഓരോഘട്ടത്തിലും വ്യത്യസ്ത എണ്ണം ചോദ്യങ്ങള്‍ ഒഴിവാക്കുന്നുണ്ടെങ്കിലും എല്ലാ പരീക്ഷകള്‍ക്കുംകൂടി ഒരു കട്ട്‌ഓഫ് മാർക്കാണ് പ്രഖ്യാപിക്കുന്നത്. ഇത് പി.എസ്.സി.യോടുള്ള ഉദ്യോഗാർഥികളുടെ വിശ്വാസ്യതയെ തകർക്കുന്ന നിലപാടാണ്.
കഴിഞ്ഞവർഷം മേയ് മുതലുള്ള പരീക്ഷകളിലാണ് ഒഴിവാക്കുന്ന ചോദ്യങ്ങളുടെ എണ്ണം കൂടിയത്. ഈ വർഷം നടത്തിയ പരീക്ഷകളില്‍ ചുരുക്കം എണ്ണത്തില്‍ മാത്രമാണ് ചോദ്യങ്ങളില്‍ ന്യൂനതയില്ലാത്തത്. ചോദ്യങ്ങളിലെ ന്യൂനത ഒഴിവാക്കണമെന്ന് ഉദ്യോഗാർഥികള്‍ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ പി.എസ്.സി. തയ്യാറായിട്ടില്ല.
