മാന്തവാടി: പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ രാധയുടെ വീട് സന്ദർശിക്കാനെത്തിയ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെതിരെ ജനരോഷം. വൻ പ്രതിഷേധമാണ് മന്ത്രിക്കെതിരെ ഉയർന്നത്. ആളുകൾ പ്രദേശത്ത് തടിച്ചു കൂടി നിൽക്കുകയും മന്ത്രിയെ കൂക്കി വിളിക്കുകയും ചെയ്തു. പ്രതിഷേധക്കാർ മന്ത്രിക്കുനേരെ കരിങ്കൊടി വീശി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പിലാക്കാവിൽവച്ച് മന്ത്രിയുടെ വാഹനത്തിന് നേരം കരിങ്കൊടി വീശിയത്. രാഷ്ട്രീയപ്രേരിതമാണ് ജനരോഷമെന്നും രാധ വനത്തിനുള്ളിൽ പ്രവേശിപ്പിച്ചപ്പോഴാണ് കടുവ ആക്രമിച്ചതെന്നുമുള്ള മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ റോഡ് ഉപരോധിച്ചത്. പ്രസ്താവന പിൻവലിച്ച് കുടുംബത്തോടും പ്രദേശവാസികളോടും മന്ത്രി മാപ്പു പറയണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
കനത്ത പോലീസ് സുരക്ഷയിലാണ് മന്ത്രി രാധയുടെ വീട്ടിൽ എത്തിച്ചേർന്നത്. കടുവയുടെ സാന്നിധ്യം കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന മേഖലയിലാണ് ജനങ്ങൾ ഉപരോധം തീർത്തിരിക്കുന്നത്. പോലീസുകാർ സുരക്ഷാ വലയം തീർത്താണ് മന്ത്രിയെ വീടിനുള്ളിലേക്ക് പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുൻപ് ആക്രമണം നടന്നിട്ട് മന്ത്രി വീട് സന്ദർശിക്കാൻ എത്രയും വൈകിയതിലാണ് നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധക്കാർ വീണ്ടും സംഘടിക്കുന്ന സ്ഥിതിയാണ് പ്രദേശത്ത് നിലവിലുള്ളത്. രാധയുടെ കുടുംബവുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. എന്നാൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രി രാധയുടെ ഭവനം സന്ദർശിക്കാനെത്തിയത്.
