ലഖ്നൗ: ലഖ്നൗവിലെ കല്യാണവീട്ടിൽ ക്ഷണിക്കപ്പെടാത്ത ‘അതിഥി’യെത്തി.അതിഥിയെ കണ്ടവർ വിവാഹവേദിയിൽനിന്ന് ഇറങ്ങിയോടി. വരനും വധുവും പ്രാണരക്ഷാർഥം സമീപത്തുണ്ടായ കാറിൽ കയറി ഒളിച്ചു. അത് മണിക്കൂറുകളോളം തുടർന്നു. അതിഥിയുടെ പേര് ‘പുള്ളിപ്പുലി’.
ലഖ്നൗവിലെ ബുദ്ദേശ്വറിലാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് കല്യാണവേദിയിലേക്ക് പുലി ഓടിക്കയറിയത്. പുലിയെക്കണ്ട് പരിഭ്രാന്തിയിൽ ആളുകൾ പരക്കം പാഞ്ഞു. സ്ഥലത്തെത്തിയ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മണിക്കൂറുകൾ പ്രയത്നിച്ച് പുലർച്ചെ രണ്ടോടെയാണ് പുലിയെ കൂട്ടിലാക്കിയത്. ഇതിനിടെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഉദ്യോഗസ്ഥനെ പുലി ആക്രമിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
സംഭവത്തിൽ ബി.ജെ.പി. സർക്കാരിനെ വിമർശിച്ച് എസ്.പി. നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. വനഭൂമിയിൽ മനുഷ്യരുടെ കൈയേറ്റം വർധിക്കുകയാണെന്നും അഴിമതിയുടെ ഫലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.