നവകേരള സദസിനായി പിരിച്ചെടുത്ത കോടി കണക്കിന് രൂപ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്  റിയാസിന്റെ പോക്കറ്റിലോട്ടാണ് പോയതെന്നു പി വി അൻവർ.

മലപ്പുറം: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കോൺട്രാക്ടർമാരിൽ നിന്നും കോടിക്കണക്കിന് രൂപ പിരിച്ചെടുത്തതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് പി വി അൻവർ. നവകേരള സദസിനായി പിരിച്ചെടുത്ത കോടി കണക്കിന് രൂപ റിയാസിന്റെ പോക്കറ്റിലോട്ടാണ് പോയതെന്നും അതിന്റെ ഫോൺ രേഖകൾ സുരക്ഷിതമായി എന്റെ കയ്യിലുണ്ടെന്നും പി വി അൻവർ പറഞ്ഞു. തന്നെ വേട്ടയാടുന്നതും വ്യക്തിഹത്യ നടത്തുന്നതിൽ പ്രധാനിയുമാണ് റിയാസ്. ഈ രീതിയിലാണ് മുൻപോട്ട് പോകുന്നതെങ്കിൽ കോടികൾ വെട്ടിച്ചതിന്റെ രേഖകൾ പുറത്തുവിടുമെന്നും അൻവർ മുന്നറിയിപ്പ് നൽകി.


റിയാസിന്റെ പേഴ്സണൽ സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി എന്നിവരുൾപ്പെടുന്ന വീഡിയോ ഓഡിയോ രേഖകളും കയ്യിലുണ്ട്. നവകേരള സദസിന്റെ പേരിൽ തനിക്ക് അമ്പത് ലക്ഷം രൂപ കടമുണ്ടെന്നും തന്നെ വ്യക്തിഹത്യ നടത്തിയാൽ അതേ രീതിയിൽ തിരിച്ചടിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു. നേതാക്കൾ കാട്ടി കൂട്ടിയ പലതിന്‍റേയും തെളിവുകൾ തന്‍റെ പക്കലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടി വി വെച്ച് കാണിക്കുമെന്നും പി വി അൻവർ പറഞ്ഞു.

അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പി വി അൻവർ പുതിയ മുന്നണി രൂപീകരിച്ചു. ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’യുടെ ലേബലിലായിരിക്കും അൻവർ മത്സരിക്കുക. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനം. തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെയുള്ള വോട്ടുകൾ പാളയത്തിലേക്ക് എത്തിക്കുക ലക്ഷ്യമിട്ട് കൂടിയാണ് മുന്നണി രൂപീകരണം. മുന്നാം മുന്നണി രൂപീകരണം എന്ന വിശാല ലക്ഷ്യം കൂടി മുന്നിൽ കാണുന്നു. നിരവധി ചെറിയ സംഘടനകള്‍ കൂടി മുന്നണിയുടെ ഭാഗമായേക്കും.

പി വി അൻവർ അല്പസമയത്തിനകം നാമനിർദ്ദേശ പത്രിക സമർപ്പിക്കും. നിലമ്പൂർ താലൂക്ക് ഓഫീസിൽ എത്തിയാണ് പത്രിക സമർപ്പിക്കുക. നിലമ്പൂർ ചന്തക്കുന്നിൽ നിന്നും പത്ത് മണിയോടെ പ്രവർത്തകർക്ക് ഒപ്പം പ്രകടനമായി എത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് തീരുമാനം. പിവി അൻവർ കൂടി മത്സരരംഗത്തേക്ക് എത്തിയതോടെ സമീപകാലത്ത് രാഷ്ട്രീയ കേരളം കണ്ട വലിയ ഉപതിരഞ്ഞെടുപ്പ് പോരാട്ടമാണ് നിലമ്പൂരിൽ നടക്കുന്നത്. ഇടത് വലത് സ്ഥാനാർഥികൾക്ക് നേരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയാണ് പിവി അൻവറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ ജനങ്ങളുടെ പിന്തുണ തേടി പി വി അന്‍വര്‍ രംഗത്തെത്തിയിരുന്നു. കൂടെ ഉണ്ടാവണം. നിങ്ങളാണ് സ്ഥാനാര്‍ഥികള്‍. എന്ന് തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അന്‍വറിന്റെ വോട്ടഭ്യര്‍ത്ഥന. നിങ്ങളുടെ പ്രശ്‌നങ്ങളാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. ഞാന്‍ ഒരു പ്രതിനിധി മാത്രം. എന്നും അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: