മലപ്പുറം: സ്വര്‍ണക്കടത്ത് കാരിയര്‍മാരായ സ്ത്രീകളെ പൊലീസ് ഉദ്യോഗസ്ഥര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. ലൈംഗിക വൈകൃതത്തിനുവരെ ഉപയോഗിച്ച സംഭവങ്ങളുണ്ട്. പീഡനത്തിനിരായ ഒട്ടേറെ സ്ത്രീകള്‍ പരാതി പറയാന്‍ പേടിച്ചിരിക്കുകയാണ്. തുറന്നു പറയാന്‍ തയാറാകുന്നവര്‍ക്കു സര്‍ക്കാരും പാര്‍ട്ടിയും പൊതുസമൂഹവും എല്ലാ പിന്തുണയും നല്‍കുമെന്നു അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട തെളിവുകള്‍ സംബന്ധിച്ച മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍.
ഇന്നലെ എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ടു അന്‍വറിന്റെ മൊഴിയെടുത്തു. മൊഴിയെടുപ്പു ഒന്‍പതര മണിക്കൂര്‍ നീണ്ടു. ശനിയാഴ്ച രാവിലെ 11ന് തുടങ്ങിയ മൊഴിയെടുക്കല്‍ രാത്രി 9 മണിയോടെയാണ് അവസാനിച്ചത്. മലപ്പുറത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണു തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസിനു മുന്‍പാകെ അന്‍വര്‍ മൊഴി നല്‍കിയത്.
മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറിയെന്നു മൊഴിയെടുപ്പിനു ശേഷം അന്‍വര്‍ പറഞ്ഞു. പി.ശശിക്കെതിരായ തെളിവുകള്‍ നല്‍കിയോ എന്ന ചോദ്യത്തിന്, ശശിക്കെതിരെയുള്ള തെളിവുകള്‍ പൊലീസിനല്ല, പാര്‍ട്ടിക്കാണു നല്‍കേണ്ടതെന്നായിരുന്നു മറുപടി. താന്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് അന്‍വര്‍ ആവര്‍ത്തിച്ചതെന്നാണു സൂചന. സ്വര്‍ണക്കടത്തിനു തെളിവായി, സുജിത് ദാസ് എസ്പിയായിരുന്ന കാലത്ത് കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ കൈമാറി.
78 കിലോഗ്രാം സ്വര്‍ണം പിടിച്ചതിനു ശേഷം കോടതിയില്‍ 147 ഗ്രാം സ്വര്‍ണം മാത്രം ഹാജരാക്കിയ തെളിവുകള്‍ ഉള്‍പ്പെടെ അന്‍വറിന്റെ പക്കലുണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോടും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

