ആശങ്കയുയർത്തി കല്ലറകളിൽ പ്രത്യക്ഷപ്പെട്ട ക്യുആർ കോഡുകൾക്ക് പിന്നിലെ ദുരൂഹതയ്ക്ക് വിരാമമാകുന്നു. മ്യൂണിച്ചിലെ ഒരു ശ്മശാനത്തിലാണ് മാസങ്ങളായി ദുരൂഹ ക്യുആർ കോഡുകൾ ആശങ്ക സൃഷ്ടിച്ചിരുന്നത്. കഴിഞ്ഞ ഡിസംബർ മുതലാണ് കല്ലറകളിൽ ക്യുആർ കോഡുകൾ കണ്ട് തുടങ്ങിയത്. ‘ഞങ്ങൾക്ക് അത് ശരിക്കും വിചിത്രമായിട്ടാണ് തോന്നിയത്. ഈ സ്റ്റിക്കറുകളുടെ അർത്ഥമെന്തായിരിക്കും എന്നത് ഞങ്ങളെ ആശങ്കപ്പെടുത്തി’ എന്നാണ് മ്യൂണിച്ചിലെ സെമിത്തേരികളുടെ നടത്തിപ്പ് മേൽനോട്ടം വഹിക്കുന്ന ബെർൻഡ് ഹോറൗഫ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞത്.
ഇതുപോലെ ആയിരത്തിലധികം സ്റ്റിക്കറുകളാണ് ഇവിടെ വിവിധ കല്ലറകളിലായി പതിച്ചിരുന്നത്. ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ മരിച്ചിരുന്നവരുടെ പേരും സ്ഥലവുമാണ് തെളിഞ്ഞിരുന്നത്. 5×3.5 – സെൻ്റീമീറ്റർ സ്റ്റിക്കറുകൾ വാൾഡ്‌ഫ്രീഡ്‌ഹോഫ്, സെൻഡ്‌ലിംഗർ ഫ്രീഡ്‌ഹോഫ്, ഫ്രെഡ്‌ഹോഫ് സോൾൺ സെമിത്തേരികളിലെ പഴയതും പുതിയതുമായ കല്ലറകളിലായിരുന്നു പതിച്ചിരുന്നത്.
ക്യുആർ കോഡുകൾ ചർച്ചയായതോടെ സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള അഭിപ്രായങ്ങൾ രൂപപ്പെട്ടു. ഇത് പ്രശസ്തിക്ക് വേണ്ടി ആരോ ചെയ്തതാവാം തുടങ്ങിയ അഭിപ്രായങ്ങളാണ് ഉയർന്നു വന്നത്. സ്റ്റിക്കറുകൾ നീക്കം ചെയ്യുക എന്നതും വലിയ ബുദ്ധിമുട്ടാണ് സെമിത്തേരികൾക്കുണ്ടാക്കിയത്. വൈകാതെ പൊലീസും സംഭവത്തിൽ ഇടപെട്ടു.
ഒടുവിൽ സ്റ്റിക്കർ പതിച്ചത് ആരാണ് എന്ന് കണ്ടെത്തുകയായിരുന്നു. പ്രദേശത്തെ ഒരു ഗാർഡനിംഗ് ബിസിനസ് ആണ് ഈ ക്യുആർ കോഡുകൾ പതിച്ചതിന് പിന്നിൽ എന്നാണ് കണ്ടെത്തിയത്. അവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. സെമിത്തേരിയുടെ അറ്റകുറ്റപ്പണികൾക്ക് ഇവരെയാണ് ഏൽപ്പിച്ചിരുന്നത്. ഏത് കല്ലറയാണ് വൃത്തിയാക്കിയത് എന്ന് തങ്ങളുടെ തൊഴിലാളികൾക്ക് തിരിച്ചറിയാനായിട്ടാണ് ഈ സ്റ്റിക്കറുകൾ പതിച്ചത് എന്നാണ് കമ്പനിയുടെ സീനിയർ മാനേജറായ ആൽഫ്രഡ് സാങ്കർ പറയുന്നത്. എന്നാൽ, വലിയ തുകയാണ് സ്റ്റിക്കർ മാറ്റുന്നതിനും മറ്റുമായി ഇതുവഴി സെമിത്തേരിക്ക് ചെലവായത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
