‘രാഹുല്‍ നിരപരാധി, പറഞ്ഞതെല്ലാം നുണ’; പന്തീരാങ്കാവ് കേസില്‍ മൊഴിമാറ്റി യുവതി



കോഴിക്കോട്: പന്തീരാങ്കാവ് ഗാ‍ർഹിക പീഡനക്കേസിൽ പ്രതി രാഹുലിനെ ന്യായീകരിച്ച് പരാതിക്കാരി. രാഹുൽ നിരപരാധിയാണെന്ന് പരാതിക്കാരി പറഞ്ഞു. സമ്മർദ്ദത്തെ തുടർന്നാണ് തെറ്റായ പരാതികൾ ഉന്നയിച്ചത്. രാഹുൽ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുൽ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി പറഞ്ഞു. തനിക്ക് കുറ്റബോധമുണ്ട്. വീട്ടുകാര്‍ പറഞ്ഞതിനാലാണ് ആരോപണം ഉന്നയിച്ചത്. അച്ഛന്റെ അമ്മയുടെയുമൊപ്പം വീട്ടിലേക്ക് മടങ്ങിയത് സമ്മതമില്ലാതെയാണ്, തനിക്ക് രാഹുലേട്ടനൊപ്പം നില്‍ക്കാനായിരുന്നു താത്പര്യം എന്നിങ്ങനെയാണ് യുവതി നേരിട്ട് സോഷ്യ മീഡിയയില്‍ വീഡിയോയിലൂടെ പറയുന്നത്.

പറവൂര്‍ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയായതായി പരാതി ഉന്നയിച്ചതും ഇപ്പോള്‍ തിരുത്തിപ്പറഞ്ഞിരിക്കുന്നതും. സംഭവത്തില്‍ പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ഇത് ഗൗരവമായി കണക്കാക്കിയിരുന്നില്ല. കൂടാതെ പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പൊലീസ് ആദ്യം സ്വീകരിച്ചത്. തുടര്‍ന്ന് സംഭവത്തില്‍ പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനം രൂക്ഷമായതോടെയാണ് കേസില്‍ നടപടി ഊര്‍ജ്ജിതമായത്. തുടര്‍ന്ന് രാഹുലിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ശരത്തിന് സസ്‌പെന്‍ഷനും ലഭിച്ചിരുന്നു. യുവതിയുടെ പരാതിയില്‍ രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി ബെല്‍റ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതെല്ലാം പെണ്‍കുട്ടി നിഷേധിച്ചിരിക്കുകയാണ്.
മുഷ്ടി ചുരുട്ടി ഇടിച്ചു. കരച്ചില്‍ കേട്ടിട്ടും ആരും സഹായിക്കാന്‍ വന്നില്ലെന്നുമായിരുന്നു ആരോപണം. രാഹുല്‍ ലഹരി വസ്തു ഉപയോഗിച്ചിരുന്നതായും യുവതി ആരോപിച്ചിരുന്നു. ഫോണ്‍ രാഹുലിന്റെ കയ്യിലായിരുന്നു, വീട്ടുകാരെ വിവരമറിയിക്കാന്‍ കഴിഞ്ഞില്ല. രാഹുലിന്റെ അമ്മയും സ്ത്രീധനത്തിന്റെ പേരില്‍ സംസാരിച്ചിരുന്നുവെന്നും രാഹുലിന്റെ പിന്നില്‍ അമ്മയാണെന്ന് കരുതുന്നുവെന്നുമായിരുന്നു യുവതിയുടെ ആരോപണം. രാഹുലിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ മാതാവ്, സഹോദരി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: