തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2,21,986 വോട്ടുകൾ നേടിയ രാഹുൽ മാങ്കൂട്ടത്തിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുപ്പെട്ടത്. എതിരാളി അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ടുകൾ ലഭിച്ചു.
തെരഞ്ഞെടുപ്പ് നടന്ന് രണ്ട് മാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനം നടക്കുന്നത്.ഫലം വന്നതിന് പിന്നാലെ സംഘടനയെ കൂടുതൽ മികവോടെ നയിക്കുമെന്ന് രാഹുൽ പറഞ്ഞു.
അതേസമയം നേതൃത്വങ്ങളെ ഞെട്ടിച്ച് ഇരുവർക്കും വെല്ലുവിളി ഉയർത്തി സ്വന്തം ഗ്രൂപ്പിൽനിന്ന് സ്ഥാനാർഥികൾ രംഗത്തുവന്നത് ഇത്തവണ തെരഞ്ഞെടുപ്പിനെ കൂടുതൽ സങ്കീർണമാക്കി. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്ക് മൂന്നു വനിതകൾ ഉൾപ്പെടെ 14 പേരാണ് നാമനിർദേശ പത്രിക നൽകിയത്.
പ്രസിഡന്‍റ് സ്ഥാനാർഥിയെചൊല്ലി എ ഗ്രൂപ്പിൽ ഭിന്നത രൂപപ്പെട്ടതിനു പിന്നാലെയാണ് ഐ പക്ഷത്തും വിള്ളൽ ഉണ്ടായത്. ഔദ്യോഗിക സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനുള്ള എ ഗ്രൂപ് നേതൃത്വത്തിന്‍റെ തീരുമാനത്തോട് വിയോജിച്ച് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ യുവനേതാക്കൾ മുൻകൈയെടുത്ത് നാലുപേരെയാണ് രംഗത്തിറക്കിയത്. അബിൻ വർക്കിയാണ് ഐ ഗ്രൂപ്പിന്‍റെ ഔദ്യോഗിക സ്ഥാനാർഥി ആയിരുന്നത്. ചെന്നിത്തല-കെ.സി. വേണുഗോപാൽ അനുകൂലികൾ മുൻകൈയെടുത്താണ് അബിനെ സ്ഥാനാർഥിയാക്കിയത്. എന്നാൽ, ഇതിനോട് വിയോജിച്ച് ഗ്രൂപ്പിലെ ഒരുവിഭാഗം നിലവിൽ തൃശൂർ ജില്ല പ്രസിഡന്‍റായ ഒ.ജെ. ജനീഷിനെ രംഗത്തിറക്കി.
