Headlines

പത്തനംതിട്ട സിപിഐയിലെ വടംവലിയിൽ എ പി ജയൻ പക്ഷത്തിന് വിജയം; രാജി പി.രാജപ്പൻ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ആനിക്കാട് ഡിവിഷനിൽ നിന്നുള്ള സിപിഐ പ്രതിനിധി രാജി പി. രാജപ്പൻ തെരഞ്ഞെടുക്കപ്പെട്ടു. പള്ളിക്കൽ ഡിവിഷനിൽ നിന്നുള്ള സിപിഐ അംഗം ശ്രീനാദേവി കുഞ്ഞമ്മ പ്രസിഡന്റാകുമെന്നായിരുന്നു ഏവരും കണക്കു കൂട്ടിയിരിക്കുന്നത്. എന്നാൽ, സിപിഐ മുൻ ജില്ലാ സെക്രട്ടറി എ.പി.ജയനെതിരേ ആരോപണമുന്നയിച്ച് പാർട്ടിയിൽ തരംതാഴ് ത്തുന്നതിന് കാരണക്കാരിയായ ശ്രീനാദേവിയെ ജയൻ പക്ഷം വെട്ടുകയായിരുന്നു.
പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിൽ പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ് പദവികൾ വീതം വച്ചിരുന്നു. അതനുസരിച്ച് ആദ്യ മൂന്നു വർഷം സിപിഎമ്മിലെ ഓമല്ലൂർ ശങ്കരൻ ആയിരുന്നു പ്രസിഡന്റ്. തുടർന്നുള്ള ഓരോ വർഷം വീതം സിപിഐക്കും കേരളാ കോൺഗ്രസ് എമ്മിനും നൽകും. ധാരണയനുസരിച്ച് കഴിഞ്ഞ മാസം ഓമല്ലൂർ ശങ്കരൻ രാജി വച്ചു. അടുത്ത ഊഴം സിപിഐക്കാണ്. രാജി പി. രാജപ്പൻ, ശ്രീനാദേവി കുഞ്ഞമ്മ എന്നിങ്ങനെ രണ്ട് അംഗങ്ങളാണ് സിപിഐക്കുള്ളത്. ഇതിൽ രാജി ആദ്യ ഒരു വർഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ഇക്കാരണത്താൽ പ്രസിഡന്റ് സ്ഥാനം ശ്രീനാദേവിക്ക് ഉറപ്പിച്ചതാണ്.

എന്നാൽ, സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന എ.പിജയനെതിരേ അനധികൃത സ്വത്തുസമ്പാദനം ഉയർത്തിക്കാട്ടി ശ്രീനാദേവി പരാതി നൽകി. സിപിഐ സംസ്ഥാന കമ്മിറ്റിയിൽ പ്രബലമായിരുന്ന കാനം പക്ഷം നിയോഗിച്ച അന്വേഷണ കമ്മിഷൻ ജയൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കാനം മരിക്കുന്നതിന് തൊട്ടുമുൻപ് ജയനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. തന്റെ പതനത്തിന് കാരണക്കാരിയായ ശ്രീനാദേവിക്ക് എതിരായി ജയൻ അരയും തലയും മുറുക്കി രംഗത്തിറങ്ങി.  പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ തെരഞ്ഞെടുക്കാൻ വേണ്ടി ചൊവ്വാഴ്ച ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിൽ ഭൂരിപക്ഷമുള്ള ജയൻ പക്ഷം രാജി പി. രാജപ്പനെ പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടു. തീരുമാനമെടുക്കാൻ സംസ്ഥാന കൗൺസിലിനെ ഏൽപ്പിച്ച് ജില്ലാ കൗൺസിൽ യോഗം പിരിഞ്ഞു. സംസ്ഥാന കൗൺസിൽ എടുത്ത തീരുമാനവുമായി സെക്രട്ടറി ബിനോയ് വിശ്വം, എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി ചേർന്ന ജില്ലാ കൗൺസിൽ യോഗം രാജി പി. രാജപ്പനെ പ്രസിഡന്റാക്കാൻ തീരുമാനം എടുത്തു.

ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫിലെ നാലംഗങ്ങളും വിട്ടു നിന്നു. സി. പി. എമ്മിലെ അഡ്വ. ഓമല്ലൂർ ശങ്കരനാണ് പേര് നിർദ്ദേശിച്ചത്. കേരളകോൺഗ്രസ് എം അംഗം ജോർജ് എബ്രഹാം പിന്താങ്ങി. എ. ഡി .എം സുരേഷ് ബാബുവായിരുന്നു വരണാധികാരി. വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് രാജി പി രാജപ്പൻ ചുമതലയേറ്റു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: