പെരുമ്പാവൂർ: നിവേദ്യച്ചോറുണ്ട് ക്ഷേത്ര നടപ്പന്തലിൽ കിടന്നുറങ്ങിയിരുന്ന രജിതയ്ക്ക് ഇനി പഠിച്ച് മുന്നേറാം. പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് ജീവിക്കുന്ന പെരുമ്പാവൂര്‍ മാര്‍ത്തോമ വനിതാ കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സൺ കെ എല്‍ രജിതയുടെ എല്ലാ ചെലവുകളും ഏറ്റെടുത്ത് ‘നിര്‍ഭയം പെരുമ്പാവൂര്‍’ സംഘടന.
മേതല കല്ലില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ വ്യവസായമന്ത്രി പി രാജീവ് ‘നിര്‍ഭയം പെരുമ്പാവൂർ’ രജിതയുടെ പഠനവും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. ജീവിതത്തിന്റെ കഠിനമായ വെല്ലുവിളികളെ ധീരമായി നേരിട്ട രജിതയെ മന്ത്രി അഭിനന്ദിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി അംഗവും നിർഭയം പെരുമ്പാവൂരിന്റെ ചെയർമാനുമായ എൻ സി മോഹനൻ സംഘടനയുടെ തീരുമാനം മന്ത്രിയെ അറിയിക്കുകയായിരുന്നു. നിർഭയം പെരുമ്പാവൂരിന്റെ അംഗവും വ്യവസായിയുമായ എം എ സജീവാണ് രജിതയെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചത്. പഠനം, താമസം, ഭക്ഷണം, ക്രിക്കറ്റ് പരിശീലനം തുടങ്ങിയ എല്ലാ ആവശ്യങ്ങളും സംഘടന ഏറ്റെടുക്കും.
തിരുവനന്തപുരം കിളിമാനൂർ സ്വദേശിയാണ് രജിത . എട്ടുവർഷം മുമ്പ് അമ്മ മരണപ്പെട്ടു. തുടർന്ന് രജിതയുടെ ജീവിതം ദുരിതപൂർണമായിരുന്നു. കൂലിപ്പണിക്കാരനായ അച്ഛന്റെ ഏക വരുമാനത്തിലാണ് രജിതയും സഹോദരനും കഴിഞ്ഞിരുന്നത്. സ്പോർട്സിനെ നെഞ്ചോട് ചേർത്ത് സ്നേഹിച്ചു. പ്രതിസന്ധിഘട്ടത്തിലും തോറ്റുകൊടുക്കാതെ തന്റെ ബുദ്ധിമുട്ടുകൾ ആരെയും അറിയിക്കാതെ അവൾ നേട്ടങ്ങൾ കൈവരിക്കാൻ പരിശ്രമിച്ചുകൊണ്ടേയിരുന്നു. എപ്പോഴും മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി നടക്കുന്ന രജിതയെ എല്ലാവർക്കും കൗതുകമായിരുന്നു.
തിരുവനന്തപുരം വഴുതക്കാട് വുമൺസ് കോളേജിലെ ഡിഗ്രി പഠനത്തിനു ശേഷം മാര്‍ത്തോമ കോളേജില്‍ സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ ഡിഗ്രിക്ക് പ്രവേശനം ലഭിച്ച കെ എൽ രജിത കഴിഞ്ഞ മാര്‍ച്ചിലാണ് പെരുമ്പാവൂരിലെത്തിയത്. കബഡി, ക്രിക്കറ്റ് താരംകൂടിയായ രജിതയ്ക്ക് വീട്ടില്‍നിന്ന് പഠിക്കാന്‍ സാഹചര്യങ്ങളുണ്ടായിരുന്നില്ല. ആണ്‍കുട്ടികളെപ്പോലെ മുടിവെട്ടി, പാന്റ്‌സും ഷര്‍ട്ടും ധരിച്ച് നടക്കുന്ന രജിത കോളേജില്‍ ക്ലാസ് തുടങ്ങുന്നതുവരെ മൂന്നുമാസത്തോളം പെരുമ്പാവൂര്‍ ശാസ്താക്ഷേത്രത്തിന്റെ നടപ്പന്തലിലും വെയിറ്റിങ് ഷെഡുകളിലുമായാണ് അന്തിയുറങ്ങിയത്. പ്രിന്‍സിപ്പല്‍ സുജോ മേരി വര്‍ഗീസിന്റെ നേതൃത്വത്തില്‍ കോളേജ് അധ്യാപകർക്കും സഹപാഠികൾക്കും ഒപ്പമാണ് രജിത ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
