പാലക്കാട്: ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിച്ച് തന്റെ സ്ഥാനാർത്ഥി എൻ.കെ സുധീറിന് പിന്തുണ പ്രഖ്യാപിക്കണമെന്ന പി വി അൻവറിന്റെ ആവശ്യം തള്ളി യുഡിഎഫ്. പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിച്ചുള്ള ഒരു സമവായവും വേണ്ടെന്ന നിലപാടിലാണ് യുഡിഎഫ് നേതാക്കൾ. പാലക്കാടും ചേലക്കരയിലും യുഡിഎഫ് സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.
അതേസമയം, സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പി വി അൻവറിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരാനാണ് യുഡിഎഫ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി അൻവറുമായി അടുപ്പമുള്ള നേതാക്കൾ ആശയവിനിമയം നടത്തും. യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിക്കാതെയുള്ള ധാരണക്ക് മാത്രമേ സാധ്യതയുള്ളു എന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.
ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിച്ച് ഡി.എം.കെ സ്ഥാനാർഥി എൻ.കെ സുധീറിനെ പിന്തുണയ്ക്കണമെന്നായിരുന്നു അനുനയ ചർച്ചയിൽ പിവി അൻവർ മുന്നോട്ടുവെച്ച ആവശ്യം. എന്നാൽ പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ പുനരാലോചന ഉണ്ടാവില്ലെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്. അതേസമയം അൻവർ നിരുപാധികം പിന്തുണച്ചാൽ അത് സ്വീകരിക്കാമെന്നും നേതൃത്വം കൂട്ടിച്ചേർത്തു.
പാലക്കാടും ചേലക്കരയിലും അൻവർ ഡി.എം.കെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. പാലക്കാട് ഡി.എം.കെ സ്ഥാനാർഥിയെ പിൻവലിച്ച് യുഡിഎഫ് സ്ഥാനാർഥിക്ക് പിന്തുണ നൽകാമെന്നും പകരം ചേലക്കരയിൽ യുഡിഎഫ് രമ്യ ഹരിദാസിനെ പിൻവലിക്കണണെന്നായിരുന്നു അൻവർ മുന്നോട്ടുവെച്ച സമവായ ഫോർമുല. എൻ.കെ സുധീറിനെ പിന്തുണയ്ക്കണമെന്നും അൻവർ ആവശ്യമുന്നയിച്ചു. എന്നാൽ അതിൽ ചർച്ചകളില്ലെന്നാണ് യുഡിഎഫ് ഇപ്പോൾ വ്യക്തമാക്കുന്നത്.

