കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. യുവനടിയുടെ ലൈംഗിക ആരോപണത്തില്‍ താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന നടന്‍ സിദ്ദിഖ് രാജിവെച്ചതിന്റെ പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.
വയനാട്ടില്‍നിന്നും ഇന്നലെ കോഴിക്കോട്ടെ വസതിയിലേക്ക് മടങ്ങിയെത്തിയ രഞ്ജിത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് രാജിക്കത്ത് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രഞ്ജിത്ത് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനത്തതോടെ കോഴിക്കോട് ചാലപ്പുറത്തുള്ള രഞ്ജിത്തിന്റെ വീടിന് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇന്നലെ അറസ്റ്റ് ആവശ്യപ്പെട്ടു രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു.
അതിനിടെ രഞ്ജിത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ സര്‍ക്കാര്‍ ഇന്നലെ തന്നെ നിലപാട് മാറ്റിയിരുന്നു. രഞ്ജിത്തിനെ പിന്തുണച്ച മന്ത്രി സജി ചെറിയാന്റെ നിലപാട് വന്‍ വിവാദമായതിനു പിന്നാലെയാണ് നിലപാട് മാറ്റം. രഞ്ജിത്തിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ നടി ശ്രീലഖ മിത്രയ്ക്കു നേരിട്ടെത്തി പരാതി നല്‍കാന്‍ കഴിയില്ലെങ്കില്‍ ഏതു തരത്തില്‍ പരാതി സ്വീകരിക്കാന്‍ കഴിയുമെന്നു ചിന്തിക്കുമെന്നു മന്ത്രി പറഞ്ഞു. അക്കാര്യം നിയമവിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും. അന്വേഷണം നടത്തി ആരോപണവിധേയന്‍ കുറ്റക്കാരനാണെന്നു കണ്ടാല്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാജിയില്‍ തീരുമാനമെടുക്കേണ്ടത് രഞ്ജിത്ത് ആണെന്നും മന്ത്രി വ്യക്തമാക്കി.
സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി തന്നോട് രഞ്ജിത് മോശമായി പെരുമാറിയെന്നായിരുന്നു കഴിഞ്ഞ ദിവസം നടി വെളിപ്പെടുത്തിയത്. ‘പാലേരിമാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു ലൈംഗിക അതിക്രമത്തിന് ശ്രമിച്ചത്. എന്നാല്‍ നടിയുടെ ആരോപണം തെറ്റാണെന്നായിരുന്നു രഞ്ജിത്ത് പ്രതികരിച്ചത്. സിനിമയുടെ ഒഡിഷന് വേണ്ടിയാണ് ശ്രീലേഖയെ വിളിച്ചതെന്നും കഥാപാത്രത്തിന് ചേരാത്തതിനാല്‍ മടക്കി അയച്ചുവെന്നുമായിരുന്നു രഞ്ജിത്തിന്റെ വാദം. എന്നാല്‍ ഇത് നടി നിഷേധിച്ചു. രഞ്ജിത്ത് മാപ്പ് പറയണമെന്നും നടി ആവശ്യപ്പെട്ടു.

