ഡൽഹി : ജിയോ, എയര്‍ടെല്‍, വി തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്കുവര്‍ധനയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ സാമ്പത്തിക നേട്ടമുണ്ടാക്കി ബി.എസ്.എന്‍.എല്‍. താരിഫ് നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ 50 ലക്ഷം വരിക്കാരെയാണ് ബി.എസ്.എന്‍.എല്ലിന് ലഭിച്ചത്. ഇതുവഴി 2024-25 സാമ്പത്തികവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 262 കോടിയുടെ ലാഭമാണ് ബി.എസ്.എന്‍.എല്ലിനുണ്ടായത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇത്രയും ലാഭം.
സ്വകാര്യ കമ്പനികളുടെ താരിഫ് നിരക്ക് വര്‍ധനവിന് പിന്നാലെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിവിധ നയ പരിപാടികളാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചത്. 4ജി സേവനങ്ങളുടെ അതിവേഗമുള്ള വിന്യാസം 5ജി പരീക്ഷണം, കസ്റ്റമര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു.
അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബി.എസ്.എന്‍.എല്‍ അതിന്റെ വരവ് ചിലവ് കണക്കുകള്‍ കണക്കാക്കുന്ന രീതിയില്‍ കൊണ്ടുവന്ന മാറ്റങ്ങളാണ് 262 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തുന്നതിനിടയാക്കിയതെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചിലവിലുണ്ടായ ഗണ്യമായ കുറവാണ് ഈ ലാഭത്തിന് കാരണമായതെങ്കിലും അത് ചിലവ് ചുരുക്കല്‍ കൊണ്ടോ കാര്യക്ഷമത വര്‍ധിപ്പിച്ചതുകൊണ്ടോ അല്ലെന്നും മറിച്ച് അത് കണക്കാക്കുന്ന രീതിയില്‍ വന്ന മാറ്റങ്ങള്‍ കാരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദാഹരണത്തിന്, കമ്പനി ജീവനക്കാരുടെ ചെലവുകളില്‍ 337 കോടിരൂപയുടെ കുറവുണ്ടായത്. ശമ്പളം, പെന്‍ഷനുകള്‍, മറ്റ് ഇടപാടുകള്‍ എന്നിവ കുറച്ചത് മൂലമല്ലെന്നും മറിച്ച് ആ ചിലവുകളുടെ വലിയൊരു ഭാഗം ആസ്തിയായി കണക്കാക്കിയതിനാലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
50 ലക്ഷം പുതിയ ഉപഭോക്താക്കളെ കിട്ടിയതിനൊപ്പം നെറ്റ് വര്‍ക്കിന്റെ സ്ഥിരത, കോള്‍ ഡ്രോപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളെ തുടര്‍ന്ന് 3 ലക്ഷത്തിലേറെ ഉപഭോക്താക്കളെ ബി.എസ്.എന്‍.എല്ലിന് നഷ്ടപ്പെട്ടിരുന്നു. ഇത് പരിഹരിക്കാൻ കമ്പനി പുതിയ പ്രഖ്യാപനങ്ങളും ബി.എസ്.എന്‍.എല്‍ നടത്തിയിട്ടുണ്ട്.
കണക്ടിവിറ്റി പ്രശ്‌നം പരിഹരിക്കാന്‍ 30000 പുതിയ ബാറ്ററികള്‍ സ്ഥാപിച്ചതായും 15000 ല്‍ ഏറെ പുതിയ പവര്‍പ്ലാന്റുകള്‍ സജീവമാക്കിയതായും 2025 ജൂണോടെ 35000 ല്‍ ഏറെ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നും ടെലികോം വകുപ്പ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
