Headlines

പേടിഎമ്മിന് 15 ദിവസം നീട്ടി നല്‍കി ആര്‍ബിഐ, ഉപഭോക്താക്കള്‍ അറിയേണ്ട വിവരങ്ങളിങ്ങനെ

ദില്ലി : നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതില്‍ പേടിഎമ്മിന് 15 ദിവസം നീട്ടി നല്‍കി ആര്‍ബിഐ. ഈ മാസം 29 വരെ നിശ്ചയിച്ച നിയന്ത്രങ്ങൾക്കുള്ള സമയപരിധിയാണ് അടുത്ത മാസം 15 വരെ നീട്ടിയത്. ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം. പേയ്ടിഎം വാലറ്റും ഫാസ്ടാഗും റീചാർജ് ചെയ്യുന്നതിന് മാർച്ച് 15വരെ നിയന്ത്രണമില്ലെന്ന് ആർബിഐ അറിയിച്ചു. മാര്‍ച്ച് 15ന് ശേഷം വാലറ്റ് റീചാർജ് ചെയ്യാൻ കഴിയില്ല. 15 നു ശേഷവും വാലറ്റിലുള്ള തുക ഉപയോഗിക്കാനും പിൻവലിക്കാനും കഴിയും. ഉപഭോക്താക്കള്‍ക്കുള്ള സംശയ നിവാരണത്തിനായി ആർബിഐ ചോദ്യോത്തരങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

ഇതിനിടെ, റിസർവ് ബാങ്ക് വിലക്കിന് പിന്നാലെ പേടിഎമ്മിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിരുന്നു. വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് ഇ ഡി അന്വേഷണം. പേടിഎമ്മിനെതിരെ സ്വീകരിച്ച നടപടി പുനഃപരിശോധിക്കില്ലെന്ന് കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ആർ ബി ഐ വിലക്ക് നേരിട്ട് രണ്ടാഴ്ച്ച പിന്നിടുമ്പോഴാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണവുമായി പേ ടിഎമ്മിലെത്തുന്നത്. കമ്പനി വിദേശനാണ്യ വിനിമയച്ചട്ടം ലംഘനം ആരോപിച്ചാണ് ഇ.ഡി അന്വേഷണം.

പേടിഎമ്മിലെ ചൈനീസ് നിക്ഷേപങ്ങളെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും പരിശോധന നടത്തുന്നുണ്ട്. ഫെബ്രുവരി 29ന് ശേഷം നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ നിക്ഷേപ, വായ്പാ ഇടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്നാണ് റിസര്‍വ് ബാങ്ക് പേയ്ടിഎമ്മിന്‍റെ ഉപസ്ഥാപനമായ പേയ്ടിഎം പേമെന്‍റസ് ബാങ്കിനോട് നിര്‍ദേശിച്ചിരുന്നത്. ഇതാണിപ്പോള്‍ മാര്‍ച്ച് 15വരെ നീട്ടി നല്‍കിയിരിക്കുന്നത്. കൃത്യമായ രേഖകൾ ഇല്ലാതെ അക്കൗണ്ടുകൾ സൃഷ്ടിച്ചെന്നും വിവിധ ഓഡിറ്റ് റിപ്പോര്‍ട്ടുകളിൽ സ്ഥാപനം തുടര്‍ച്ചയായി ചട്ടലംഘനങ്ങള്‍ നടത്തിയെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ആർ ബി ഐ വിലക്ക്.

പേടിഎം യു.പി.ഐ സേവനങ്ങള്‍ മറ്റൊരു വിഭാഗമായതിനാല്‍, റിസര്‍വ് ബാങ്കിന്‍റെ നടപടി ബാധകമല്ല. എന്നാല്‍, പേടിഎം ബാങ്കിന്‍റെ പ്രവര്‍ത്തനം നിര്‍ജീവമാകുന്നതോടെ അത് യു.പി.ഐ ആപ്പ് സേവനങ്ങളെയും ബാധിക്കും. ഇതോടെ പുതിയ നോഡൽ ബാങ്കിനെ കണ്ടെത്തി വാലറ്റ് പ്രതിസന്ധി പരിഹരിക്കാൻ പേടിഎം നീക്കം തുടങ്ങിയിരുന്നു. ഇ ഡി അന്വേഷണം കൂടി എത്തിയതോടെ പേടിഎം ഓഹരിവില സർവകാല ഇടിവിലെത്തിയിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: