ഇനി തിരിച്ചെത്താനുള്ളത് 7,581 കോടിയുടെ 2000 രൂപ നോട്ടുകൾ; കണക്ക് നിരത്തി ആർബിഐ

ഡൽഹി: 7,581 കോടി രൂപയുടെ 2000 രൂപ നോട്ടുകൾ ഇനിയും തിരിച്ച് വരാനുണ്ടെന്ന് ആർബിഐ. അതേസമയം രണ്ടായിരത്തിന്‍റെ 97.87 ശതമാനം നോട്ടുകൾ തിരിച്ചെത്തി. വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. 7,581 കോടി രൂപ ഇപ്പോഴും പൊതുജനങ്ങളുടെ കയ്യിലാണുള്ളത്.

കഴിഞ്ഞവർഷം മേയിൽ നോട്ട് പിൻവലിക്കുന്ന ഘട്ടത്തിൽ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. 2023 ഒക്‌ടോബർ ഏഴ് വരെ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്ക് ശാഖകളിലും 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റാനോ ഉള്ള ഓപ്ഷൻ അനുവദിച്ചിരുന്നു. ആർബിഐയുടെ ഇഷ്യൂ ഓഫിസുകൾ വഴിയും തപാൽ മാർഗവും നോട്ടുകൾ മാറിയെടുക്കാൻ ഇപ്പോഴും സൗകര്യമുണ്ട്. അഹമ്മദാബാദ്, ബംഗളൂരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ദില്ലി, പട്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ 19 ആർബിഐ ഓഫീസുകൾ വഴി ബാങ്ക് നോട്ടുകൾ മാറ്റാനാകും.

500, 1000 രൂപ നോട്ടുകളുടെ പിൻവലിച്ചതിനെ തുടർന്ന് സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 2016 നവംബറിലാണ് ആർബിഐ 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. 2018-19 സാമ്പത്തിക വർഷത്തിൽ മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകൾ ആവശ്യത്തിന് ലഭ്യമായതോടെ ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചെന്നും 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവച്ചതായും ആര്‍ബിഐ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: